ന്യൂഡൽഹി:
ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം വരുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ.) ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തെ മുന്‍നിര സ്ഥാപനമായ ട്രാന്‍സ്‌യൂണിയന്‍ സിബിലും ചേര്‍ന്ന് ഇതിനുള്ള ശ്രമം നടത്തിവരികയാണ്.
നിക്ഷേപങ്ങളിന്മേലുള്ള ചെലവ് (കോസ്റ്റ് ഓഫ് ഫണ്ട്‌സ്) അടിസ്ഥാനമാക്കി വായ്പ നിരക്കുകള്‍ നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ബാങ്കുകള്‍ പിന്തുടരുന്നത്. ഈ രീതിയില്‍ മാറ്റം വരുത്തണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ഹ്രസ്വകാല വായ്പ (റിപ്പോ) യുടെ പലിശ നിരക്ക് ഉള്‍പ്പെടെ ഏതെങ്കിലും ബാഹ്യ മാനദണ്ഡമായിരിക്കണം സ്വീകരിക്കേണ്ടതെന്നും ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. ഡിസംബറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആര്‍.ബി.ഐ. പ്രഖ്യാപിക്കുന്ന നിരക്ക് ഇളവുകള്‍ ഇടപാടുകാരിലേക്കു പകരാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്ന വ്യാപകമായ പരാതിയാണു നിര്‍ദ്ദേശത്തിനു കാരണമായത്.