ബംഗ്ലാദേശ്:
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യു.എന്‍. നിര്‍ദ്ദേശം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുന്ന അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ നിലപാട് മൂലം ഇവരുടെ തുടര്‍ വിദ്യാഭ്യാസം വഴിമുട്ടിയ അവസ്ഥയിലാണ്.
ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ചാണ് അഭയാര്‍ത്ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സെക്കന്ററി തലം വരെയുള്ളതാണ് ഈ താത്കാലിക സ്ഥാപനങ്ങള്‍. എന്‍.ജി.ഒകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതിനിടയിലാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിവേചനം.