ലോസ് ഏഞ്ചലസ്:
ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടരന്റീനോയുടെ നിർമ്മാണത്തിലിരിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon a Time in… Hollywood) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
സിനിമ വ്യവസായത്തിൽ ഭാഗ്യം പരീക്ഷിക്കുന്ന റിക്ക് ഡാൾട്ടൺ എന്ന ടെലിവിഷൻ നടന്റെ വേഷത്തിലാണ് ഡികാപ്രിയോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡാൾട്ടന്റെ അടുത്ത സുഹൃത്തും സ്റ്റണ്ട് ഡബിളും ആയ ക്ലിഫ് ബൂത്ത് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇരു കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലോകമെമ്പാടും നിരവധി ആരാധകരുള്ള സംവിധായകൻ ടരന്റീനോയുടെ ഒമ്പതാമത്തെ ചിത്രമാണ് “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”. ബ്രാഡ് പിറ്റും ഡികാപ്രിയോയും രണ്ടാം വട്ടമാണ് ടരന്റീനോയുടെ സംവിധാനത്തിൽ അഭിനയിക്കുന്നത്. നേരത്തെ ബ്രാഡ് പിറ്റ്, “ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്’ എന്ന ടരന്റീനോ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ‘ജാങ്കോ അൺചെയിൻഡ്’ എന്ന ചിത്രത്തിൽ ഡികാപ്രിയോയും ടരന്റീനോക്കൊപ്പം സഹകരിച്ചിരുന്നു.
സംഭവ കഥയായ മാൻസൺ ഫാമിലി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ലോസ് ഏഞ്ചലസ് കേന്ദ്രീകരിച്ചുള്ള “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”.1969 ആഗസ്ത് 8 മുതൽ 9 വരെ, മാൻസൺ കുടുംബത്തിലെ അംഗങ്ങൾ നടത്തിയ കൂട്ട കൊലപാതകമാണ് ഇത്. കുടുംബത്തിലെ നാല് അംഗങ്ങൾ ദമ്പതികളായ നടി ഷാരോൺ ടേറ്റ്, ലോകപ്രശസ്ത സംവിധായകൻ റോമൻ പോളാൻസ്കി എന്നിവരുടെ വീട്ടിൽ അതിക്രമിച്ച് കയറി എട്ടര മാസം ഗർഭിണിയായ ടേറ്റിനെയും അവരുടെ മൂന്ന് സുഹൃത്തുക്കളെയും, 18 വയസുകാരനായ ഒരു സന്ദർശകനെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ പൊളാൻസ്കി യൂറോപ്പിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് നിയമ നടപടികൾ നേരിടുന്ന ഹാർവി വെയിൻസ്റ്റീനുമായി ചേർന്ന് അല്ലാതെ ടരന്റീനോ സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ എന്ന പ്രത്യേകതയും “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്” ന് ഉണ്ട്. ടരന്റീനോയുടെ സ്ഥിരം നിർമ്മാതാവായിരുന്നു ഹാർവി വെയിൻസ്റ്റീൻ. എന്നാൽ ‘മീ ടൂ’ ആരോപണങ്ങളെ തുടർന്ന് ടരന്റീനോ വെയിസ്സ്റ്റീൻ കമ്പനിയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. കൊളംബിയ പിക്ച്ചേഴ്‌സും ഹേയ്ഡേ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിന് മുൻപ് കാൻ ചലച്ചിത്രോത്സവത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉണ്ടാവാൻ സാധ്യത ഉണ്ട്. തന്റെ രണ്ടാമത്തെ ചിത്രമായ പൾപ്പ് ഫിക്ഷൻ കാനിലെ ഉയർന്ന പുരസ്‌ക്കാരമായ ‘പാം ഡി ഓർ’ (palme d’or) ലഭിക്കുന്നതോടെയാണ് ടരന്റീനോ അന്താരാഷ്ട്ര പ്രശസ്തനാവുന്നത്.