Mon. Dec 23rd, 2024
വടകര:

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പി.ആര്‍.ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്തുകൊണ്ട് വോട്ടുപിടിക്കാന്‍ സി.പി.എം. വടകര സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ചട്ടം നിലനില്‍ക്കേ ഇത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം.

ഭരണം 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുറത്തിറക്കിയ, നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍ എന്ന ബുൿലെറ്റാണ് വടകര മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തത്. സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ഇതില്‍ പറയുന്നത്. ജയരാജന് വേണ്ടി വോട്ട് ചോദിക്കുന്നതിന് ഒപ്പമായിരുന്നു വിതരണം. സംഭവം വിവാദമായതോടെ ചട്ടലംഘനം നടന്നോ എന്ന് അന്വേഷിക്കുമെന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. അതേസമയം ഇക്കാര്യം സി.പി.എം. നിഷേധിച്ചു. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രത്യേകം നോട്ടീസാണ് നല്‍കുന്നതെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *