തിരുവനന്തപുരം:
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി. ബല്‍റാം പറഞ്ഞത്. രാഹുല്‍ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വി.ടി ബല്‍റാം പറഞ്ഞു. ഇതിന് പിന്നാലെ വി.ടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ.എം ഷാജിയും രംഗത്ത് എത്തി.
രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്നും രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യമെന്നുമായിരുന്നു കെ.എം ഷാജി പറഞ്ഞത്. കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്. ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മാറുമെന്നും ഷാജി പറയുന്നു.
കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം. രാഹുല്‍ജിയെ കേരളത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നെന്നും കെ.എം ഷാജി പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് ജനവിധി തേടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസിലേയും ജെ.ഡി.സിന്റേയും എം.എല്‍.എമാര്‍ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
രാഹുല്‍ കര്‍ണാടകയില്‍ നിന്നും മല്‍സരിക്കണമെന്ന് പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥും രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ദക്ഷിണേന്ത്യയില്‍ നിന്നു മത്സരിച്ചിട്ടുണ്ടെന്നായിരുന്നു പി.സി.വിഷ്ണുനാഥ് പറഞ്ഞത്.
അതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന വയനാട് സീറ്റില്‍ ടി.സിദ്ദിഖ് മല്‍സരിക്കുമെന്ന് ഏകദേശം ഉറപ്പായി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് വിവരം. എന്നാല്‍ വടകരയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു സീനിയര്‍ നേതാവ് തന്നെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വടകര ഉള്‍പ്പെടെയുള്ള നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിച്ച് ഇന്നുതന്നെ പ്രഖ്യാപിക്കും.
വയനാട് സീറ്റില്ലെങ്കില്‍ ഇത്തവണ മറ്റിടങ്ങളില്‍ പരിഗണിക്കേണ്ട എന്ന നിലപാടായിരുന്നു ടി. സിദ്ദിഖ് എടുത്തത്. വടകരയില്‍ പി.ജയരാജനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാത്തതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. മുല്ലപ്പള്ളിക്ക് പകരം അത്രയും ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് കോണ്‍ഗ്രസ് നേരിടുന്ന നിലവിലെ വെല്ലുവിളി.