ലഖ്നൗ:
തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്തമായ രീതികളിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രചാരണവും, രാഷ്ട്രീയ പ്രവേശനവും കോണ്‍ഗ്രസ് അനുകൂലികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ ശേഷം രണ്ടാം തവണയും ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്ക അനുയായികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും നല്‍കിയ ആവേശം ചെറുതല്ല. അധികം കോണ്‍ഗ്രസ് നേതാക്കന്മാരൊന്നും ഉപയോഗിച്ചിട്ടില്ലാത്ത പ്രചാരണ തന്ത്രങ്ങളാണ് പ്രിയങ്ക ഗാന്ധിയുടേതെന്ന് വ്യക്തമാണ്.
ഗംഗാനദിയിലൂടെയുള്ള 140 കിലോമീറ്റര്‍ ദൂരത്തിലുള്ള ബോട്ട് യാത്ര തന്നെയാണ് പ്രധാന തന്ത്രം. ഇന്നു വൈകിട്ട് മിശ്രാപൂര്‍ ജില്ലയിലെ പ്രയാഗ് രാജില്‍ നിന്ന് യാത്ര ആരംഭിക്കും. ബുധനാഴ്ചയാണ് ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്ര ആരംഭിക്കുന്നത്. പ്രയാഗ് രാജില്‍ നിന്നു തുടങ്ങി മോദിയുടെ മണ്ഡലമായ വാരാണസി വരെയാണ് യാത്ര. 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ വാഗ്ദാനമായ ഗംഗാ ശുദ്ധീകരണം പ്രിയങ്ക യാത്രയില്‍ ചര്‍ച്ചയാക്കും. ഗംഗാ തീരത്ത് താമസിക്കുന്ന പട്ടികജാതിക്കാരുമായും പിന്നോക്ക ജനവിഭാഗങ്ങളെയും യാത്രയില്‍ പ്രിയങ്ക സന്ദര്‍ശിക്കും.
ഞായറാഴ്ച ലഖ്നൗവില്‍ എത്തിയ പ്രിയങ്ക യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സംഘങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രയിലുടനീളം ജനങ്ങളുടെ അഭിപ്രായം തേടി സംസ്ഥാന രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഒരു തുറന്ന കത്തും പുറത്തുവിട്ടിരുന്നു. കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള സംഘടന ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക പര്യടനങ്ങള്‍ക്കാണ് യാത്ര ആരംഭിക്കുന്നതോടെ തുടക്കമാകുന്നത്.
ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗംഗാനദിയിലൂടെയാണ് താന്‍ യു.പിയുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുക എന്ന് പ്രിയങ്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗംഗയുടെ ശുചീകരണത്തിന് പ്രത്യേക പരിഗണനയെന്നു പറയുകയും, അതിനു പ്രത്യേക വകുപ്പ് രൂപീകരിക്കുകയും ചെയ്ത നരേന്ദ്ര മോദി ഇതിനപ്പുറം ഒന്നും ചെയ്തില്ല എന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. യു.പി. ജനതയ്ക്കായി അവര്‍ ഹിന്ദിയിലെഴുതിയ തുറന്ന കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു. ഗംഗയുടെയും അതിന്റെ കരയിലെ ജനങ്ങളുടെയും സങ്കടം പ്രചാരണ വിഷയമാകുമെന്നാണു കത്തിലെ പ്രധാന വിഷയം.
ജലം, ബസ്, ട്രെയിന്‍ തുടങ്ങി കാല്‍നടയായി വരെ, സാധാരണക്കാര്‍ ഉപയോഗിക്കുന്ന സകല വഴികളിലൂടെയും താനെത്തുമെന്നും പ്രിയങ്കയുടെ കത്തിലുണ്ട്. ഇന്നുവരെ യു.പി കാണാത്ത നാടകീയ പ്രചാരണ രീതിയാണു പ്രിയങ്കയുടേത്. ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളില്‍ ഒ.ബി.സി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങളാണു തിങ്ങിപ്പാര്‍ക്കുന്നത്. യാത്രയ്ക്കിടെ പ്രധാന ക്ഷേത്രങ്ങളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളിലുമുണ്ടാകും രാഷ്ട്രീയ സന്ദേശം. സജീവമായി യു.പിയില്‍ തുടരുമെന്ന പ്രഖ്യാപനം നടത്തിയ പ്രിയങ്ക എസ്.പി, ബി.എസ്.പി. സഖ്യവുമൊത്ത് സൗഹൃദം കൂടുതല്‍ ദൃഡമാക്കുകയാണ്.
അമേഠിയും റായ്ബറേലിയിലും ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എസ്.പി. ബി.എസ്.പി. സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന് പകരമായി, സഖ്യം മത്സരിക്കുന്ന 7 പ്രധാന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. അവരുടെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന 7 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് പി.സി.സി. അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചത്. എസ്.പിയുടെ ഹെവിവെയ്റ്റ് മണ്ഡലങ്ങളായ മെയിന്‍പുരി (മുലായം സിങ് യാദവ്), കനൗജ് (അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്), ഫിറോസാബാദ് (അക്ഷയ് യാദവ്) എന്നിവിടങ്ങളിലും ബി.എസ്.പി. അധ്യക്ഷ മായാവതി, ആര്‍.എല്‍.ഡിയുടെ അജിത് സിങ്, മകന്‍ ജയന്ത് ചൗധരി എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ത്ഥികളുണ്ടാകില്ല. ഏഴാമത്തെ മണ്ഡലം ഏതെന്ന് ഇതുവരെ വ്യക്തമല്ല.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍, ഇപ്പോഴും സഖ്യ ചര്‍ച്ചകള്‍ സജീവമായി തന്നെ തുടരുകയാണ്. കോണ്‍ഗ്രസ്, ദലിതര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും, യു.പിയില്‍ അവരെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നും ഭീം ആര്‍മി അറിയിച്ചിരുന്നു. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍ പോയി കണ്ടതിനെത്തുടര്‍ന്നുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണു ഭീം ആര്‍മി ദേശീയ പ്രസിഡന്റ് വിനയ് രത്തന്‍സിങ്ങിന്റെ വിശദീകരണം. പ്രിയങ്ക കൂടിക്കാഴ്ചയ്ക്ക് താല്പര്യം അറിയിച്ചപ്പോള്‍ ആസാദ് വിസമ്മതിച്ചിരുന്നു. വീണ്ടും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.