Mon. Dec 23rd, 2024

ശ്രീനഗര്‍:

ജമ്മുകശ്മീരിലെ രണ്ടു സീറ്റുകളില്‍, കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തി. ബി.ജെ.പി. ശക്തികേന്ദ്രങ്ങളായ ജമ്മു മേഖലയിലെ, രണ്ടു ലോക്‌സഭാ സീറ്റുകളിലാണ് പി.ഡി.പി, കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തത്. ജമ്മു പൂഞ്ച്, ഉദ്ധംപുര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണിത്. 2014-ല്‍ ഇവിടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും പി.ഡി.പി മൂന്നാമതുമായിരുന്നു.

ബി.ജെ.പിയുടെ ശക്തി കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ്, കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍, നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. പി.ഡി.പിയുടെ പിന്തുണ വാഗ്ദാനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി മെഹബൂബ മുഫ്തി ഇക്കാര്യം ചര്‍ച്ച നടത്തും.

ജമ്മു-കശ്മീരില്‍ ആകെ 6 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും പി.ഡി.പിയും 3 സീറ്റുകള്‍ വീതം നേടിയിരുന്നു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി. കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് ബി.ജെ.പിയുമായുള്ള പി.ഡി.പിയുടെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായത്.

അതേസമയം, ബന്ദിപ്പോറ ജില്ലയില്‍നിന്നുള്ള പി.ഡി.പിയുടെ പ്രമുഖ നേതാവായ അബ്ദുള്‍ മജീദ്‌ മിര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ ചേര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ സാജദ് ഗാനി ലോണിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്‌.

 

Leave a Reply

Your email address will not be published. Required fields are marked *