Mon. Dec 23rd, 2024
കോഴിക്കോട്:

ഒട്ടേറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവില്‍ യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഇടം പിടിച്ചത് രാഹുല്‍ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി രമ്യ ഹരിദാസ്. നിലവിൽ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റാണ് ഈ മുപ്പത്തിമൂന്നുകാരി. ഭരണരംഗത്തും സംഘടനാപ്രവർത്തനത്തിലും പരാതികളില്ലാതെ മുന്നേറുന്ന രമ്യയിലൂടെ ആലത്തൂർ പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ട പട്ടികയിലെ ഏക വനിതാ സാന്നിധ്യമാണ് രമ്യാ ഹരിദാസ്.

ഡൽഹിയിൽ യുവജന പ്രവർത്തകർക്കായി നടത്തിയ ടാലന്റ് ഹണ്ടിൽ തിളങ്ങി രാഹുൽഗാന്ധിയുടെ നോട്ടപ്പുള്ളിയായതാണ് രമ്യ ഹരിദാസ്. ഇതോടെയാണ് രമ്യ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃനിരയിലെത്തുന്നത്. നിലവില്‍, യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്ററാണ് രമ്യ. സ്‌കൂൾ പഠനകാലത്തു കലോത്സവവേദികളിൽ സജീവമായിരുന്നു. രാഷ്ട്രീയത്തിനു പുറമേ നൃത്തത്തിലും സംഗീതത്തിലുമാണ് താത്പര്യം. കെ.എസ്‌.യു. പെരുവയൽ മണ്ഡലം സെക്രട്ടറിയായിരുന്നു.

സ്‌പെഷൽ എഡ്യുക്കേഷനിൽ ഡിപ്ലോമ നേടിയ രമ്യ ആദിവാസി മേഖലയിൽ വിദ്യാഭ്യാസ സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിലമ്പൂരിലെയും അട്ടപ്പാടിയിലെയും ഊരുകളിൽ പ്രവർത്തിച്ച പരിചയവും രമ്യയ്ക്കുണ്ട്. 2004 ൽ പി.വി. രാജഗോപാലിന്റെ ഏകതാ പരിഷത്ത് ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ട രമ്യ, സുനാമി ബാധിത മേഖലകളിൽ പരിഷത്ത് നടത്തിയ കുട്ടിക്കൂട്ടം പദ്ധതിയുടെ മുഖ്യചുമതലക്കാരിയായി.

ഇന്ത്യയിലെ പ്രമുഖ ഗാന്ധിയൻ സംഘടനയായ സർവ്വോദയമണ്ഡലം മിത്ര മണ്ഡലം പ്രവർത്തക, അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ പ്രധാന സംഘടനയായ കാൻ ഫെഡ് ഭാരവാഹി, കേരള ഗ്രാമനിർമ്മാണ സമിതി പ്രവർത്തക, സവാർഡ് എന്ന സാമൂഹ്യ സേവന സംഘടനയുടെ പ്രവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യാ സർവ്വാസേ വാ സംഘത്തിലുടെ ഇന്ത്യയിലെ വിവിധ ഗാന്ധിയൻ സ്ഥാപനങ്ങൾ സന്ദർശിച്ചു. ‌‌

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടന്ന ദേശീയവും അന്തർദേശിയവുമായ വിവിധ പരിശീലനങ്ങളിൽ പങ്കെടുത്തു. 2012 ൽ ജപ്പാനിൽ വെച്ച് നടന്ന ലോകയുവജന സമ്മേളത്തിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ നാലും, തൃശൂർ ജില്ലയിലെ മൂന്നൂം നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം. കേരളത്തിലെ 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. സിറ്റിംഗ് എം.പിയായ സി.പി.എമ്മിലെ പി.കെ. ബിജുവിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. 2009 ൽ മണ്ഡലം രൂപികരിച്ചതു മുതൽ പി.കെ. ബിജുവാണ് ആലത്തൂരിന്റെ എം.പി.

സീറ്റുണ്ടോ എന്ന് ഉറപ്പിക്കുന്നതിന് മുന്‍പു തന്നെ പ്രചാരണത്തിന് ഇറങ്ങിയതാണ് രമ്യ. സീറ്റ് കിട്ടിയാല്‍ സന്തോഷം ഇല്ലെങ്കില്‍ പരിഭവമില്ല എന്ന നിലപാടിലായിരുന്നു രമ്യ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഉയരങ്ങള്‍ കീഴടക്കിയ ചരിത്രമാണ് രമ്യക്ക് പറയാനുള്ളത്. വരുമാനത്തിന് വേണ്ടി ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും എടുത്തണിഞ്ഞു. കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ ഹരിദാസ്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മിച്ചത്. കുറ്റിക്കാട്ടൂരിലെ കൊച്ചുവീട്ടില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് രമ്യ തിരഞ്ഞെടുക്കപ്പെടുമോ എന്നാണു ഇനി അറിയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *