Mon. Dec 23rd, 2024
റിയാദ്:

സ്വദേശിവൽകരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ സൗദിയിൽ അധികൃതർ അടച്ചു പൂട്ടിയത് വിദേശികളുടെ 30% ചെറുകിട സ്ഥാപനങ്ങളാണെന്നു ചേംബർ ഓഫ്‌ കൊമേഴ്സ്‌ സൗദി കൗൺസിൽ വാണിജ്യ വിഭാഗം ഡെപ്പ്യൂട്ടി ചെയർമാൻ വാസിഫ്‌ കബ്‌ലി അറിയിച്ചു.

ഒരു നിശ്ചിത തുക സ്പോൺസർക്ക് നൽകി സ്വദേശിയുടെ രേഖകൾ ഉപയോഗിച്ച്‌ വിദേശികൾ സ്വന്തമായി നടത്തുന്ന അനധികൃത സംരംഭങ്ങളാണ്‌ സർക്കാർ അടച്ചു പൂട്ടിയത്. ഇങ്ങനെ സ്പോൺസറിനു പൈസ നൽകുന്നതിനെ കഫാലത്തു എന്നാണ് അറിയപ്പെടുന്നത്.സ്പോൺസറിനു കൊടുക്കാനുള്ളതിനു മേലെ ലാഭം ഉണ്ടയാലാണ് വിദേശിക്ക് ലഭിക്കുക. ഇത്തരത്തിൽ ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് സൗദിയിൽ ഉടനീളം ഉള്ളത്. പതിറ്റാണ്ടുകളായി മലയാളി പ്രവാസികളാണ് ഇത്തരം സ്ഥാപനങ്ങൾ ഏറിയ കൂറും നടത്തിയിരുന്നത്. എന്നാൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഇത്തരം ബിനാമി ബിസിനസ്സ് നിയമ വിരുദ്ധമായി സൗദി ഭരണകൂടം പ്രഖ്യാപിച്ചു. ഇതോടെ ചില്ലറ മേഖലയിൽ മലയാളികൾ ഉൾപ്പെടെ ധാരാളം പ്രവാസികൾക്കാണ്‌ തൊഴിൽ നഷ്ടമായത്‌.

കച്ചവട സ്ഥാപനങ്ങളിൽ 12 തൊഴിലുകളിലാണ്‌ സ്വദേശിവൽകരണം നടപ്പാക്കിയത്‌. പ്രധാനമായും കാഷ്യർ തസ്തികയിൽ സ്വദേശിയായിരിക്കുക, ഇടപാടുകൾ ബാങ്ക്‌ മുഖേനയായിരിക്കുന്ന എന്നത്‌ നിർബന്ധമാണ്‌. ഇത്‌ കർശനമാക്കിയതോടെയാണ്‌ കൂടുതൽ ചെറുകിട സ്ഥാപനങ്ങളും അടപിച്ചത്‌. ബിനാമി ബിസിനസ്‌ പിടിക്കപ്പെട്ടാൽ സ്വദേശികൾക്കു രണ്ട്‌ വർഷത്തെ കഠിന തടവോ ഒരു ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഇതു രണ്ടും കൂടിയോ ആണ്‌ ശിക്ഷ. മാധ്യമങ്ങൾ വഴി പേര്‌ പരസ്യപ്പെടുത്തുകയും അഞ്ചു വർഷക്കാലം ഇതേ ബിസിനസ്‌‌ ചെയ്യാനുള്ള വിലക്കുമുണ്ടാകും. വിദേശികളാണെങ്കിൽ ശിക്ഷകൾക്ക്‌ പുറമെ രാജ്യത്തേയ്ക്ക്‌ മടങ്ങാനാവാത്ത വിധം നാടുകടത്തും എന്നതാണ്‌ നിയമം.

സ്വദേശി യുവാക്കളെയും യുവതികളെയും വിപണിയിലേക്ക്‌ ആകർഷിക്കാൻ സർക്കാർ പദ്ധതികളിട്ടിട്ടുണ്ട്‌. അടപ്പിച്ച സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പരിശീലനം നേടിയ സ്വദേശികളുടെ ദൗർലഭ്യം നില നിൽക്കുന്നതിനാൽ പരിശീല യജ്ഞങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *