തിരുവനന്തപുരം:
എസ്.എസ്.എല്‍.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി നടക്കുന്ന മൂല്യ നിര്‍ണ്ണയം മേയ് രണ്ടാം തീയതിയോടെ അവസാനിക്കും. ക്യാമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വിലക്കും.
ആദ്യഘട്ടം ഏപ്രില്‍ 5 മുതല്‍ 13- വരെയാണ്. രണ്ടാംഘട്ടം 25 മുതല്‍ മേയ് രണ്ട് വരെയും ന്ടക്കും. 14 ദിവസമാണ് മൂല്യനിര്‍ണ്ണയം. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂര്‍ മൂല്യനിര്‍ണ്ണയവും അതിനുശേഷം അരമണിക്കൂര്‍ മാര്‍ക്ക് ടാബുലേഷനുമാണ്. ഇതിനിടയില്‍ 12.30 മുതല്‍ 1.30 വരെ ഇടവേളയാണ്.
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസും, രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയുടെ 24 ഉത്തരക്കടലാസുമാണ് ഒരുദിവസം മൂല്യനിര്‍ണ്ണയം നടത്തുക. ബാലാവകാശ കമ്മീഷന്റെ ഉത്തരവുള്ളതിനാല്‍ പെന്‍സില്‍ ഉപയോഗിച്ചു മാത്രമായിരിക്കും മൂല്യനിര്‍ണ്ണയം. കാഴ്ചക്കുറവ്, ശാരീരിക അംഗവൈകല്യംമൂലം കൈകകള്‍ ചലിപ്പിക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് ഗ്രാഫ്, ഡയഗ്രംസ്, ഡ്രോയിങ്, ജ്യോമെട്രിക്കല്‍ ഫിഗേഴ്സ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നതില്‍ ഇളവുനല്‍കിയിട്ടുള്ളതിനാല്‍, മറ്റു ചോദ്യങ്ങള്‍ക്കുലഭിച്ച മാര്‍ക്കിന്റെ ആനുപാതിക സ്‌കോര്‍ നല്‍കി ആകെ മാര്‍ക്ക് കണ്ടെത്തണം. കേള്‍വിക്കുറവുള്ളവര്‍ക്കും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ലഭിച്ച മാര്‍ക്കിന്റെ 25 ശതമാനം അധികം സ്‌കോര്‍ നല്‍കാം.