ന്യൂഡൽഹി:
പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയിലെ ആദ്യത്തെ ലോൿപാൽ ആയേക്കും. അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്നു. മെയ് 2017 നു വിരമിച്ച അദ്ദേഹം, ഇപ്പോൾ ദേശീയ മനുഷ്യാവകാശക്കമ്മീഷനിൽ അംഗമാണ്.
പ്രധാനമന്ത്രി മോദി, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ, മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി എന്നിവരടങ്ങിയ ലോൿപാൽ തിരഞ്ഞെടുപ്പു കമ്മറ്റിയാണ് പിനാകി ചന്ദ്ര ഘോഷിന്റെ പേര് വെള്ളിയാഴ്ച നടന്ന ഒരു യോഗത്തിൽവെച്ചു തീരുമാനിച്ചതെന്നു വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ടു ചെയ്തു.
ലോൿപാൽ തിരഞ്ഞെടുപ്പു കമ്മറ്റിയിൽ അംഗമായിരുന്നെങ്കിലും, കോൺഗ്രസ് നേതാവും, പ്രതിപക്ഷനേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, ആ യോഗത്തിൽ നിന്നു വിട്ടുനിന്നു. അദ്ദേഹത്തെ ആ കമ്മറ്റിയിൽ ഒരു പ്രത്യേക ക്ഷണിതാവ് ആയിട്ടാണ് ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ട് ലോൿപാലിന്റെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നതിനാലാണു യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
പിനാകി ചന്ദ്ര ഘോഷിനെ ലോൿപാലായി തിരഞ്ഞെടുത്തതിനെ, സാമൂഹികപ്രവർത്തകനായ അണ്ണാ ഹസാരെ, സ്വാഗതം ചെയ്തു. “രാജ്യത്തെ ആദ്യ ലോക്പാലിനെ നിയമിക്കാൻ തീരുമാനിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇതിനായി 48 വർഷമായി ജനകീയ സമരങ്ങൾ നടത്തുന്നു. അവസാനം വിജയം കണ്ടു,” അണ്ണാ ഹസാരെ പറഞ്ഞു