പനാജി:
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വസതിയിൽ അന്തരിച്ചു. 63 വയസ്സായിരുന്നു.
കാൻസർ ബാധിതനായിരുന്ന അദ്ദേഹം, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും, വിദേശത്തും ചികിത്സ തേടിയിരുന്നു.
2017, മെയ് 14നു നാലാമത്തെ പ്രാവശ്യമാണ് പരീക്കർ, ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അദ്ദേഹം കേന്ദ്രമന്ത്രി പദവി ആ സമയത്ത് രാജിവെക്കുകയായിരുന്നു.
മനോഹർ ഗോപാലകൃഷ്ണ പരീക്കർ എന്ന മനോഹർ പരീക്കർ ഗോവയിലെ മാപ്പുസയിൽ 1955 ഡിസംബർ 13 നാണു ജനിച്ചത്.
ഐ.ഐ.ടിയിൽ പഠിച്ചിറങ്ങിയ ശേഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാവുന്ന ആദ്യത്തെ ആളാണ് പരീക്കർ. അദ്ദേഹം 1978 ൽ ബോംബെ ഐ.ഐ.ടിയിൽ നിന്നാണ് മെറ്റലർജിയിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയത്.