മുംബൈ:
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സി ക്കു കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു എഫ്സി. ഗോവയെ തോൽപ്പിച്ചാണ് ബെംഗളൂരു കിരീടം ചൂടിയത്. 117-ാം മിനുറ്റില്‍ രാഹുല്‍ ഭേക്കേയാണ് ഹെഡറിലൂടെ ബെംഗളൂരിന്റെ വിജയ ഗോൾ നേടിയത്. ബെംഗളൂരിന്റെ ആദ്യ ഐ എസ് എൽ കിരീട നേട്ടമാണിത്.
തുല്യ ശക്തികൾ തമ്മിലുള്ള മത്സരത്തിൽ നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നു. ഗോൾ വീണില്ലെങ്കിലും ആവേശം നിറഞ്ഞതായിരുന്നു മത്സരത്തിന്റെ ആദ്യപകുതിയും രണ്ടാംപകുതിയും. ഇരു ടീമുകള്‍ക്കും മത്സരത്തിൽ ഗോൾ നേടാൻ അവസരങ്ങൾ നിരവധിയായിരുന്നു. പക്ഷേ ഗോവയുടെയും ബംഗളൂരുവിൻ്റേയും പ്രതിരോധവും ആക്രമണനിരയും പലകുറി കൊമ്പുകോർത്തപ്പോൾ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഗോൾ അകന്നുനിന്നു.
പലപ്പോഴും മികുവിന്റേയും സുനിൽ ഛേത്രിയുടെ മുന്നേറ്റം നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റിൽ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി. മത്സരത്തിന്റെ അധികസമയത്തും മികുവിനു വീണ്ടും അവസരം ലഭിച്ചെങ്കിലും അതും മുതലാക്കാനായില്ല.
105-ാം മിനിറ്റിൽ ഗോവൻ താരം അഹമ്മദ് ജാഹൂ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതാണ് കളിയിലെ വഴിത്തിരിവായത്. ബെംഗളൂരു താരം മികുവിനെ ഫൗൾ ചെയ്തതിനായിരുന്നു രണ്ടാം മഞ്ഞ കാർഡ്. അതുവരെ ബെംഗളൂരു ആക്രമണത്തെ പ്രതിരോധിച്ചു കളിച്ചിരുന്ന ഗോവ പത്തു പേരായി ചുരുങ്ങിയതോടെ പ്രതിരോധ നിരയിൽ വിള്ളൽ വീണു തുടങ്ങി. ഒടുവിൽ ഫൈനൽ വിസിലിന് മൂന്നു മിനിറ്റ് മുമ്പ് ദിമാസിന്റെ കോർണറിൽ നിന്ന് രാഹുല്‍ ഭേക്കേ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി ബംഗളൂരിനു അർഹിച്ച വിജയം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈനലിലേറ്റ തോൽവിയുടെ നിരാശ മായ്ക്കാനുള്ള അവസരം കൂടിയായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ ടീമിന്. അതേസമയം 55% ബോൾ പൊസഷൻ ഉണ്ടായിട്ടും രണ്ടാമത്തെ ഫൈനലിലും തോൽക്കാനായിരുന്നു ഗോവയുടെ വിധി.
അതിനിടെ ഐ.എസ്.എൽ അഞ്ചാം സീസണില്‍ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന് ലഭിച്ചു. ഈ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച 21കാരന്‍ ഒരു ഗോള്‍ നേടിയിരുന്നു. ഐ.എസ്.എൽ ചരിത്രത്തില്‍ ആദ്യമായി ഈ പുരസ്‌കാരം നേടിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തന്നെ സന്ദേശ് ജിംഗാനായിരുന്നു.