മലപ്പുറം:
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തി തിരഞ്ഞെടുപ്പു ഫലം അട്ടിമറിച്ചെന്നു ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കലങ്ങോട് പഞ്ചായത്തിലെ മുസ്‌ഫിർ കാരക്കുന്നിന്‍റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരം പോലീസ് കേസെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തി മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിൽ ഫലം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് മുസ്‌ഫിർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഒരു കോൺഗ്രസ് സ്ഥാനാർഥിയും ഒരു ലീഗ് സ്ഥാനാർഥിയും പരാജയപ്പെടാൻ ഇത് കാരണമായെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പ്. തിരുവനന്തപുരത്തെ ഐ.ടി. കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് കൃത്രിമം നടത്തിയതെന്നായിരുന്നു ആരോപണം.
തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്നും കുറിപ്പിലുണ്ട്. 50-ഓളം യന്ത്രങ്ങളിലാണ് കൃത്രിമം കാട്ടിയതെന്നും ചൂണ്ടിക്കാട്ടുന്നു. 2017-ൽ മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ കൺസൾട്ടന്റായി പ്രവർത്തിക്കുന്നതിനിടെയാണ് തട്ടിപ്പ് വിവരം അറിഞ്ഞതെന്നും ഐ.ടി കമ്പനിയിൽനിന്നും ലഭിച്ച ഫോൺകോളുകളിലെ അവകാശ വാദങ്ങളും വിശദാംശങ്ങളുമാണ് ഫെയ്‌സ് ബുക്ക് കുറിപ്പിനാധാരമെന്നും മുസ്‌ഫിർ പറയുന്നു.
അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയുടെ നിർദേശ പ്രകാരമാണ് എടവണ്ണ പോലീസ് കേസെടുത്തത്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തിയതിനാണ് നിലവിൽ കേസെടുത്തതെന്നും വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് പറയുന്നു. സൈബർ വിദഗ്ധനെന്ന് അവാശപ്പെട്ട സെയ്ദ് ഷൂജയെന്നയാള്‍ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കാമെന്ന് വിദേശത്തുെവച്ച് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുസ്‌ഫിർ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയത്.