ന്യൂഡല്‍ഹി:
ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ടോം വടക്കന്‍, ഇരുചെവിയറിയാതെ ബി.ജെ.പിയില്‍ എത്തിയത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്താളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത നേതാവ്, പോയതില്‍ ക്ഷീണമില്ല എന്ന്, നേതാക്കളും അണികളും പറയുമ്പോഴും സോണിയാ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും അറിയാവുന്ന ഒരു നേതാവിനെയാണ് ബി.ജെ.പി ഒറ്റ രാത്രി കൊണ്ട് കാവി ഉടുപ്പിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടോം വടക്കനെ മറുകണ്ടം ചാടിച്ചത് ബി.ജെ.പിയുടെ ‘പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആണെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ പറയുന്നത്.
എന്നാല്‍, ടോം വടക്കന് ബി.ജെ.പിയില്‍ അംഗത്വം നല്‍കുന്ന കാര്യം ബി.ജെ.പി. ദേശീയ നേതൃത്വം കേരള ഘടകത്തെ അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വിശദീകരിച്ച ശേഷം ചാനലുകളിലൂടെയാണ്, വടക്കന്‍ മറുകണ്ടം ചാടിയത് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അറിഞ്ഞതു തന്നെ. ടോം വടക്കനെ ബി.ജെ.പി. കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയേക്കും എന്നും സൂചനയുണ്ട്. കോണ്‍ഗ്രസ്സിൽ കുടുംബാധിപത്യമാണെന്നും, പുല്‍വാമയിലെ നിലപാടിനോട് പ്രതിഷേധമുണ്ടെന്നുമൊക്കെ പാര്‍ട്ടി വിടാനുളള കാരണമായി വടക്കന്‍ പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ വിഷയം സീറ്റ് നിഷേധം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കേരളത്തില്‍ നിന്നുളള ഒരു പ്രമുഖനെത്തന്നെ വലയിലാക്കാന്‍ സാധിച്ചതില്‍ സംസ്ഥാനത്തെ ബി.ജെ.പി. ആഹ്‌ളാദത്തിലാണ്.
മറുകണ്ടം ചാടിയത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍
ടോം വടക്കനെ ബി.ജെ.പി. പാളയത്തില്‍ എത്തിക്കാന്‍ ചുക്കാൻ പിടിച്ചത‌് ബി.ജെ.പിയുടെ രാജ്യസഭാംഗമായ ആർ.എസ‌്.എസ‌് നേതാവ‌് രാകേഷ‌് സിൻഹയാണ്. ചാനൽ ചർച്ചകളിലൂടെ രൂപപ്പെട്ട സൗഹൃദമാണ‌് ഇവരുടേത‌്. ഇരുവരും നിരവധി ടി.വി ചർച്ചകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസിൽ വടക്കന‌് അവഗണനയാണെന്ന‌് മനസ്സിലാക്കിയ സിൻഹ, ബി.ജെ.പിയിലേക്ക‌് ക്ഷണിക്കുകയായിരുന്നു. മാറ്റം സംബന്ധിച്ച‌് മാസങ്ങളായി ചർച്ച നടന്നിരുന്നതായി സൂചനയുണ്ട്. ബി.ജെ.പിയുടെ വാഗ‌്ദാനങ്ങളിൽ വടക്കൻ തൃപ‌്തനായിരുന്നില്ല. ബുധനാഴ‌്ച വൈകുന്നേരവും വടക്കൻ, രാകേഷ‌് സിൻഹയെ വീട്ടിലെത്തി കണ്ടിരുന്നു. തുടർന്ന‌് രാത്രി പത്തോടെ, ഫോണിൽ വിളിച്ച‌് ബി.ജെ.പിയിൽ ചേരുന്നതിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
ലോക‌്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നതിനേക്കാൾ തിരഞ്ഞെടുപ്പിനുശേഷം കാര്യമായ സ്ഥാനമാനങ്ങൾ ലഭിക്കുമെന്ന ഉറപ്പായിരുന്നു വടക്കന‌് വേണ്ടിയിരുന്നത‌്. അമിത‌് ഷായുമായി ബന്ധപ്പെട്ട‌് ഇക്കാര്യത്തിൽ ഉറപ്പു നല്‍കിയതോടെയാണ് ബി.ജെ.പിയിൽ അംഗത്വമെടുക്കാൻ വടക്കൻ സമ്മതം അറിയിക്കുന്നത്. അവസാന നിമിഷംവരെ എല്ലാം രഹസ്യമായി വയ‌്ക്കുന്നതിൽ ബി.ജെ.പി. വിജയിച്ചു. കോൺഗ്രസ‌് വിടുന്നതിന‌് കാരണമായി പുൽവാമ സംഭവം മുന്നോട്ടുവച്ചതും ബോധപൂർവമാണ‌്. ബി.ജെ.പി. മുഖ്യതിരഞ്ഞെടുപ്പ‌് വിഷയമായി പുൽവാമ സംഭവം ഉയർത്താനുള്ള ശ്രമത്തിലാണ‌്. ഈ വിഷയത്തിലെ കോൺഗ്രസ‌് നിലപാടിൽ പ്രതിഷേധിച്ച‌് മുതിർന്ന നേതാക്കളടക്കം കോൺഗ്രസ‌് വിടുന്നുവെന്ന‌് ദേശീയതലത്തിൽ പ്രചാരം നടത്താനാകും ബി.ജെ.പി. ശ്രമിക്കുക.
തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ച് വരുന്ന ആളാണ്. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. മുൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹമായിരുന്നു സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ മാധ്യമവിഭാഗം രൂപീകരിക്കാന്‍ മുന്നില്‍നിന്നത്. 20 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായിട്ടില്ല. 2009 മുതല്‍, തൃശൂരോ, ചാലക്കുടിയോ വേണമെന്ന് വടക്കന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല.
സോണിയ ഗാന്ധി കോൺഗ്രസ‌് അധ്യക്ഷയായിരിക്കെ കോൺഗ്രസിൽ കാര്യമായ പരിഗണന കിട്ടിയിരുന്ന ടോം വടക്കന്‍, രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതോടെ ഒതുക്കപ്പെട്ടു. കഴിഞ്ഞ കുറേനാളുകളായി പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. രാഹുലിന്റെ വിശ്വസ‌്തരായ രൺദീപ‌് സിങ‌് സുർജെവാലയും പ്രിയങ്ക ചതുർവേദിയുമാണ‌് നിലവിൽ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്നത‌്. രാഹുല്‍ നേതൃത്വത്തിലേക്കു വന്ന ശേഷം വാർത്താസമ്മേളനങ്ങളിലും മറ്റും അപൂർവമായാണ‌് വടക്കൻ പ്രത്യക്ഷപ്പെടാറുള്ളത‌്. കെ.സി. വേണുഗോപാല്‍ സോണിയ കുടുംബത്തില്‍ വേണ്ടപ്പെട്ടവനായത് മുതല്‍ വടക്കന്‍ കൂടുതല്‍ പ്രശ്നത്തിലായി. രണ്ടു ദിവസം മുന്‍പു വരെ പ്രിയങ്കയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത വടക്കന്‍ പാര്‍ട്ടി വിടും എന്നതിന്റെ ഒരു സൂചന പോലും ആര്‍ക്കമുണ്ടായിരുന്നില്ല.
മൂന്ന് പതിറ്റാണ്ടായി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ടോം വടക്കന്‍ അപ്രതീക്ഷിതമായി ബി.ജെ.പിയില്‍ എത്തിയതിന്റെ ആഘാതത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് മാധ്യമവിഭാഗം ചുമതലക്കാരനെന്ന നിലയില്‍ കേന്ദ്രനേതൃത്വത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് അദ്ദേഹം. എ.ഐ.സി.സി ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും, സംഘടനാരഹസ്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ വടക്കനുണ്ട്. പത്തു വോട്ടര്‍മാരെപ്പോലും കൂടെ നിര്‍ത്താന്‍ കഴിയാത്ത നേതാവ് എന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിലകുറച്ച് കാണുമ്പോഴും കോണ്‍ഗ്രസ്സിന്റെ സംഘടനാരഹസ്യങ്ങളെ കുറിച്ച് ടോം വടക്കനുള്ള ധാരണ തന്നെയായിരിക്കും വരും ദിവസങ്ങളിലെ ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്.
ന്യൂനപക്ഷ വിരുദ്ധരായ ബി.ജെ.പിയും പാരമ്പര്യ വാദികളായ സുറിയാനികളും
ടോം വടക്കനെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചതിലൂടെ ന്യൂനപക്ഷ വിരുദ്ധരാണ് എന്ന ആരോപണത്തെ ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇത്തരമൊരു സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തോട് സംഘപരിവാർ സംഘടനകള്‍ സ്വീകരിച്ചിരുന്ന സമീപനവും, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ടോം വടക്കനെ കൂടാതെ സമീപ കാലത്തായി ബി.ജെ.പിയുടെ പാളയത്തില്‍ എത്തിയ ചിലരുടെ മതപരമായ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ട്.
ടോം വടക്കനു മുന്‍പ് സംഘപരിവാര്‍ പാളയത്തിലെത്തിയ ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള പ്രമുഖരായ രണ്ട് മലയാളികളില്‍ ആദ്യത്തെയാള്‍ പഴയകാല കോൺഗ്രസ് നേതാവായ പി.ടി. ചാക്കോയുടെ മകനും, കേരളത്തില്‍ നിന്ന് എന്‍.ഡി.എ പിന്തുണയോടെ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഏക വ്യക്തിയുമായ പി.സി. തോമസാണ്. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ മന്ത്രിസഭയിൽ നിയമവകുപ്പ് സഹമന്ത്രിയായി പി.സി. തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയും അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്.
മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയതിന്, പതിനാലാം ലോക്‌സഭയിലേക്കു നടന്ന ഇദ്ദേഹത്തിന്റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന പി.എം. ഇസ്മായിൽ നൽകിയ ഹർജിയെത്തുടർന്നു കേരള ഹൈക്കോടതി, ആ ജയം റദ്ദാക്കിയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. മൂന്നു വർഷത്തേക്ക് മത്സരിക്കാനാവില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കുകയും 2010 ജൂൺ 15-ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ഇദ്ദേഹത്തിന് അയോഗ്യത കൽപ്പിക്കുകയും ചെയ്തിരുന്നു.
ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവു ആണെന്ന് പറയാന്‍ ധൈര്യം കാണിച്ചതിന് സർവ്വീസിൽ നിന്നും മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ഇന്നത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് രണ്ടാമത്തെയാള്‍. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാഷ്ടീയത്തിൽ ഇറങ്ങി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയി. ഇടതുപക്ഷത്തിന്റെ ഭാഗമായിട്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെങ്കിലും, വളരെ പെട്ടെന്നാണ് കേന്ദ്രമന്ത്രിസഭയിലേക്കുള്ള മോദിയുടെ സർപ്രൈസ് പിക്കായി അൽഫോൺസ് കണ്ണന്താനം മാറുന്നത്.
ബി.ജെ.പിക്ക് ഇന്നു കാണുന്ന പകിട്ടൊന്നും ഇല്ലാത്ത 2011 ലാണ് കണ്ണന്താനം സംഘപരിവാര്‍ പാളയത്തിലെത്തുന്നത്. മാത്രമല്ല, കേരളത്തിലെ സി.പി.എമ്മിൽ അപ്പോഴും സജീവമാകാൻ പറ്റുമായിരുന്ന സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥാനമാനങ്ങൾക്കു വേണ്ടിയാണ് മൂന്നു പേരും സംഘപരിവാര്‍ പാളയത്തിലെത്തിയത് എന്ന വാദം അംഗീകരിച്ചാല്‍ പോലും ഇവരെ മൂന്നു പേരെയും ഒരേ ചരടില്‍ ചേര്‍ത്ത് നിര്‍ത്തുന്ന മതപരമായ ചില കാരണങ്ങള്‍ കൂടി പരിശോധിക്കേണ്ടി വരും.
സുറിയാനി ക്രിസ്ത്യാനികളുടെ ഹിന്ദുത്വവത്കരണം
ഹിന്ദു സമൂഹത്തിലെ ജാതി വ്യവസ്ഥയെയും, അതിനകത്തെ വിവേചനങ്ങളും അതേപടി നിലനിർത്താൻ മറ്റു മതക്കാരിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് സുറിയാനി വിഭാഗങ്ങളാണ്. എന്നാൽ കേരളത്തിലെ പൊതു ചർച്ചാ വേദികളിൽ വിവേചനമെന്ന് ഇനിയും അംഗീകരിക്കപ്പെടാതെ നിൽക്കുന്ന പ്രതിഭാസമാണ് ദളിത് ക്രൈസ്തവരോട് സുറിയാനി ക്രിസ്ത്യാനികൾ നടത്തി വരുന്ന അസഹിഷ്ണുതയും വിവേചനങ്ങളും. ഇവര്‍ ദളിത് ക്രൈസ്തവരെയും മറ്റു അവശ ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുകയും വിവാഹത്തിൽ ഏർപ്പെടാൻ മടി കാണിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദു സമൂഹത്തിലെ ജാതി വ്യവസ്ഥയോട് ഏതാണ്ട് സമാനമായ രീതിയില്‍ കേരളീയ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇത്തരം വിവേചനങ്ങള്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്നുണ്ട്.
സുറിയാനികൾ, ബ്രാഹ്മണർ മാർഗം കൂടിയവർ ആണെന്ന ഇതുവരെ ചരിത്രപരമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെങ്കിലും അങ്ങിനെ വിശ്വസിച്ച് ജാതിവ്യവസ്ഥയെ മുറുക്കെപ്പിടിച്ചുകൊണ്ടാണ് ഇത്തരം വിവേചനങ്ങളുടെ കാതല്‍. കേരളീയ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ‘ഉന്നത കുലജാതര്‍’ ഹിന്ദുക്കളിലെ ബ്രാഹ്മണരായതു കൊണ്ട്, അവരോളം അവനവനെ വളര്‍ത്താന്‍ കേരളത്തിലെ ക്രിസ്ത്യാനികളിലെ ഒരു വിഭാഗം കണ്ടെത്തിയ മാർഗ്ഗമാവാം ‘ബ്രാഹ്മണർ മാർഗം കൂടിയവരാണ്’ തങ്ങളെന്നുള്ള കുടുംബത്തിലെ വാമൊഴിയായി തുടർന്നു വരുന്ന പാരമ്പര്യ കഥകളും.
കേരളത്തിൽ 15 ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വരുന്നതിനും മുൻപ് തന്നെ തദ്ദേശീയരായ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്നും, പിൽക്കാലത്ത് സിറിയൻ ഭദ്രാസനവും ആയി തദ്ദേശീയ ക്രിസ്ത്യാനികൾ ബന്ധം പുലർത്തി എന്നതിനും ചരിത്രപരമായി തെളിവുകളുണ്ട്. എന്നാൽ തദ്ദേശീയരായിരുന്ന ക്രിസ്ത്യാനികൾ ബ്രാഹ്മണർ മാർഗം കൂടിയതാണ് എന്നതിന് ചരിത്ര രേഖകളോ തെളിവുകളോ ഇല്ല. മാത്രമല്ല, ബ്രാഹ്മണര്‍ കേരളത്തിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയത് ഏഴാം നൂറ്റാണ്ടിനു ശേഷമാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
തോമ്മാശ്ലീഹ വന്നു എന്നു പറയപ്പെടുന്ന കാലങ്ങളില്‍ കേരളം മുഴുവന്‍ കാട്ടുപ്രദേശങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ എവിടെയും ആദിവാസികള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളായിരുന്നു. അതുകൊണ്ടുതന്നെ എ.ഡി. 52-ല്‍ തോമ്മാശ്ലീഹാ താമര കുരിശും വഹിച്ച് ഈ സ്ഥലങ്ങളില്‍ പോയി ഏഴരപ്പള്ളികള്‍ സ്ഥാപിച്ചെന്ന കഥകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കേരളം, തോമസ് വന്ന കാലങ്ങളില്‍ തമിഴകത്തിന്റെ ഭാഗമെന്ന നിലയ്ക്ക് തമിഴിലെ തിരുക്കുരുളിലോ ചിലപ്പതികാരത്തിലോ കേരള ക്രൈസ്തവ സഭകളെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടുമില്ല.
കേരളത്തിലെ സുറിയാനി വിഭാഗങ്ങളിലെ കത്തോലിക്കരുടേതായ ഈ കഥകൾ കത്തോലിക്കാ പണ്ഡിതരും റോമും അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഇതര ക്രൈസ്തവരോട് വിവേചനം പുലർത്തിക്കൊണ്ടിരുക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പ്രതിനിധികള്‍, സവർണ മാടമ്പിമാരുടെ സംഘപരിവാര്‍ കൂടാരത്തിലെത്തിയതില്‍ ജാതി രാഷ്ട്രീയത്തിന്റേതായ മാനങ്ങള്‍ കൂടിയുണ്ട്. ജാതി മേൽക്കോയ്‌മയുടെ ഫാൾസ് കോൺഷ്യസ്നെസ് വളർത്തി എടുക്കുന്നതില്‍ രണ്ടു കൂട്ടരും ഒരേ തൂവൽ പക്ഷികൾ ആണെന്ന് പറയേണ്ടി വരും.
ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള സംഘ് പരിവാർ ആക്രമണങ്ങൾ
മാര്‍ക്സിസം, മിഷനറി പ്രവര്‍ത്തനം, മെറ്റീരിയലിസം, മുസ്ലിം തീവ്രവാദം, മെക്കാളെയിസം തുടങ്ങിയവയാണ് തങ്ങളുടെ മുഖ്യ ശത്രുക്കള്‍(വെറുക്കപ്പെട്ടവ) എന്ന് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ പരസ്യമായി തന്നെ പല തവണ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങളാണ്. മുസ്ലീങ്ങളെയും, കമ്യുണിസ്റ്റുകാരെയും ക്രിസ്ത്യാനികളെയും ആര്‍.എസ്.എസ് അവരുടെ തുടക്കം മുതല്‍ ശത്രു പക്ഷത്ത് നിര്‍ത്തുകയും ഈ മൂന്നു വിഭാഗത്തെയും ഉന്മൂലനം ചെയ്യല്‍ തങ്ങളുടെ ലക്ഷ്യമായി കാണുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു ഉന്മൂലന സിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും മുന്‍പും രാജ്യത്താകെ ആസൂത്രിതമായി തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുകയും ചെയ്തു. എം.എസ്. ഗോള്‍വാള്‍ക്കര്‍ മുതല്‍ മോഹന്‍ ഭഗവത് വരെയുള്ള ആര്‍.എസ്.എസ് നേതാക്കള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇതേ പദ്ധതികള്‍ തന്നെയാണ്.
1999 ജനുവരി 23 മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരാള്‍ക്കും മറക്കാന്‍ പറ്റാത്ത ദിവസമാണ്. അന്നാണ് ഒറീസ്സയിലെ മയൂർ ബഞ്ച് കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങൾക്കും കുഷ്ഠരോഗ ആശുപത്രിക്കും നേതൃത്വം നൽകിയിരുന്ന ആസ്ത്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെ ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം മനോഹര്‍പൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഹിന്ദുത്വ തീവ്രവാദികള്‍ തീവെച്ച് കൊല്ലുന്നത്. ഈ കേസില്‍ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും ബജ്റംഗ്‌ദൾ പ്രവർത്തകനുമായ ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെട്ടിരുന്നു.
അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാലയൂരുന്ന പതിവ് കാലങ്ങളായുണ്ട്. എന്നാല്‍ ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ അര്‍ത്തുങ്കല്‍ പള്ളിയെ ബസിലിക്കയാക്കി ഉയര്‍ത്തിയെന്നും, അത് ദൈവനിയോഗമായി ക്രിസ്ത്യാനികള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് സംഘപരിവാര്‍ പ്രചാരണം. 2015 ജനുവരിയില്‍ ‘അയ്യപ്പ ചരിത്രം വളച്ചൊടിച്ച് അയ്യപ്പഭക്തരെ പള്ളിയില്‍ എത്തിക്കാന്‍ ശ്രമം’ എന്ന തലക്കെട്ട് നല്‍കി കെ.ജി മധുപ്രകാശ് എന്ന ലേഖകന്‍ ജന്മഭൂമിയില്‍ വാര്‍ത്തയെഴുതിയിരുന്നു. ഇത് ഇക്കാര്യത്തിലുള്ള സംഘപരിവാര്‍ അജണ്ടയുടെ വ്യക്തമായ ഉദാഹരണമാണ്.
ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഹോഫ്മന്‍ എസ്.ജെ (1857-1928) എന്ന ജര്‍മ്മന്‍ മിഷനറിയുടെ പ്രതിമക്ക് എതിരെ സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധമാണ് ഏറ്റവും അവസാനം വാര്‍ത്തകളില്‍ നിറയുന്നത്. ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗങ്ങളുടെ വളര്‍ച്ചക്ക് സംസ്ഥാനം ഏറെ കടപ്പെട്ടിരിക്കുന്ന ഒരു മിഷനറിയാണ്
ഫാ. ഹോഫ്മാന്‍. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ഖുണ്ഡി ജില്ലയിലെ സാര്‍വാഡ ദൈവാലയ കോമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമക്ക് എതിരെയാണ് ബി.ജെ.പിയുടെ ട്രൈബല്‍ വിഭാഗമായ ട്രൈബല്‍ സെല്ലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
ബ്രിട്ടീഷ് ഗവണ്‍മെന്റും ഫാ. ഹോഫ്മാനും ചേര്‍ന്ന് ആദിവാസി സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് എന്നവിധത്തിലുള്ള ആരോപണങ്ങളാണ് സംഘടന ഉയര്‍ത്തുന്നത്. എന്നാല്‍ അവിടെ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ബാങ്കും തുടങ്ങുന്നതിന് അടിസ്ഥാനമിട്ടത് ഈ മിഷനറിയായിരുന്നു. എന്നുമാത്രമല്ല, അവരുടെ ഭാഷയെയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കാനും ഈ മിഷനറി കഷ്ടപ്പാടുകള്‍ സഹിച്ചു. മുന്ദാ ഭാഷ പഠിച്ച് ഗ്രാമര്‍ ബുക്കും അവരുടെ സംസ്‌കാരവും വളര്‍ച്ചയും വ്യക്തമാക്കുന്ന ഒരു സര്‍വിവിജ്ഞാന കോശവും ഫാ. ഹോഫ്മാന്‍ തയാറാക്കി.
1908-ല്‍ രൂപംകൊണ്ട ചോട്ടാനാഗപൂര്‍ നിയമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ഫാ. ഹോഫ്മാന്‍ എന്ന് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ നിയമത്തിലൂടെയാണ് ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നത് ഒഴിവാക്കാനായത്. ആദിവാസി ഭൂമി പുറമെ നിന്നുള്ളവര്‍ക്ക് വാങ്ങാനാവില്ലെന്ന നിയമത്തിന്റെ ആദ്യപതിപ്പായിരുന്നു അത്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് രാജ്യത്തെ ക്രിസ്ത്യന്‍ ജന വിഭാഗത്തോടുള്ള അസഹിഷ്ണുതയുടെ ഏതാനും ചില ഉദാഹരങ്ങളാണ് മുകളില്‍ ചേര്‍ത്തത്. ക്രിസ്ത്യന്‍ മിഷനറിമാരും പള്ളികളും ആക്രമിക്കപ്പെട്ടത് ഉള്‍പ്പടെ സമാനമായ നിരവധി സംഭവങ്ങള്‍ ചൂണ്ടി കാണിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ പ്രത്യക്ഷമായി തന്നെ ശത്രു പക്ഷത്ത് നിര്‍ത്തിയ ഒരു മത വിഭാഗത്തിന്റെ പ്രതിനിധികള്‍ എന്നു കരുതപ്പെടുന്നവര്‍ സംഘപരിവാര്‍ പാളയത്തിലെത്തുന്നത് ഒറിസയില്‍ കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസ് മുതലിങ്ങോട്ട് സംഘപരിവാര്‍ ആക്രമങ്ങള്‍ക്ക് ഇരയായ മത ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിനെതിരെയുള്ള വെല്ലുവിളിയാണ്.