മലയാളി സംവിധായകൻ ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘വിത്ത്’ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം. കാനഡ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വിദേശ ചിത്രങ്ങളുടെ വിഭാഗത്തിൽ റൈസിംഗ് സ്റ്റാർ പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കാനഡയിലെ വാൻകൂവർ കേന്ദ്രീകരിച്ചുള്ള ചലച്ചിത്രോത്സവമാണിത്.
ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന, ദൈവവിശ്വാസിയും കർഷകനുമായ ജോസഫിന്റെയും, അയാളുടെ മകൻ ജോസിന്റെയും കഥയാണ് ‘വിത്ത്’ പറയുന്നത്. വളരെ സാധാരണവും സമാധാനപൂർണ്ണവുമായ ജീവിതമാണ് ജോസഫ് നയിക്കുന്നത്. എന്നാൽ, ജോസഫിന്റെ മകൻ തന്റെ ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെത്തുന്നതോടെ, ജോസഫിന്റെ ജീവിതത്തിന്റെ താളം തെറ്റുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം ജീവിക്കാൻ ജോസിന് താത്പര്യമില്ല. ഇവരുടെ ഇടയിലുണ്ടാകുന്ന സംഘർഷങ്ങളും, ജീവിതത്തോടുള്ള ഇരുവരുടെയും സമീപനത്തിലെ വ്യത്യാസവുമാണ് വിത്തിലൂടെ ഡോൺ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
മിതത്വത്തോടെയുള്ള (minimalist) ആഖ്യാനവും, ‘സ്ലോ സിനിമ'(Slow Cinema) ശൈലിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രദീപ് കുമാർ, ജെയിൻ സിറിയക് ബാബു എന്നിവരാണ് മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വീഡിയോ ഓൺ ഡിമാൻഡ് (VOD) വെബ് സൈറ്റായ താവോ ഫിലിംസ് (tao films), ആമസോൺ പ്രൈം എന്നിവയിലൂടെയാണ് ചിത്രം പ്രേക്ഷകർക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും ചലച്ചിത്ര പഠനം പൂർത്തിയാക്കിയ ഡോണിന്റെ ആദ്യ ചിത്രം ‘ശവം’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കാട്ടുപോത്ത്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാണത്തിലാണ് നിലവിൽ ഡോൺ.