ബെംഗളൂരു:
ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
ജെ.ഡി.എസിന്‍റെ ദേശീയ മുഖമാണ് ഡാനിഷ് അലി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. കോണ്‍ഗ്രസ് ദള്‍ സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതും ഡാനിഷ് അലിയായിരുന്നു. ദള്‍ ടിക്കറ്റില്‍ കര്‍ണാടകയില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നാണ് അറിയുന്നത്. ഡാനിഷ് അലി, മീററ്റില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.
അതെ സമയം, ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നത് പ്രത്യേകധാരണ അനുസരിച്ചാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. തന്‍റെയും ദേവെഗൗഡയുടെയും അനുവാദത്തോടെയാണ് തീരുമാനം. യു.പിയില്‍ നിന്ന് മത്സരിക്കാന്‍ ഡാനിഷ് അലിക്ക് ആലോചനയുണ്ട്. കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. അതിനിടെ, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ബി.സി ഖണ്ഡൂരിയുടെ മകന്‍ മനിഷ് ഖണ്ഡൂരി ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബി.സി. ഖണ്ഡൂരി പ്രതിനിധാനം ചെയ്യുന്ന പുരി മണ്ഡലത്തില്‍ മനീഷിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. മനീഷ് പാര്‍ട്ടി അംഗമല്ലെന്നും, അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നതില്‍ തങ്ങള്‍ക്കു യാതൊരു പ്രശ്‌നവുമില്ലെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞു.
യു.പിയിലെ ബി.ജെ.പി എം.പി ശ്യാമ ചരണ്‍ ഗുപ്ത സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.