Sat. Nov 23rd, 2024
ന്യൂഡല്‍ഹി:

രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് അടുക്കുകയാണ്. 2014 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ആകെ വോട്ടര്‍മാരില്‍ 293,236,779 പുരുഷന്മാരും 260,565,022 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി എന്നാണ് കണക്ക്. അതായത് ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ ഏതാണ്ട് പാതിയും സ്ത്രീകള്‍ ആയിരുന്നു എന്ന് വ്യക്തം. എന്നാല്‍ രാജ്യത്തെ സ്ത്രീകളും തെരഞ്ഞെടുപ്പും തമ്മില്‍ വോട്ട് ചെയ്യുക എന്നതിനപ്പുറമുള്ള ബന്ധം കുറവാണ്.

1980 വരെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ 7.8% പ്രാതിനിധ്യം മാത്രമെ വനിതകള്‍ക്ക് ഉണ്ടായിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 15-ാം ലോക്‌സഭയിലെ സ്ത്രീ പ്രാതിനിധ്യം 60ല്‍ ഒതുങ്ങി നില്‍ക്കുന്നു. ആകെ ലോക്‌സഭ അംഗങ്ങളില്‍ 11% മാത്രമാണിത്. 16-ാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി മത്സരിച്ച 5432 പേരില്‍ 402 പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍. അതായത് വോട്ടു ചെയ്യുന്നവരില്‍ പാതിയും സ്ത്രീകള്‍ ആയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് വെറും 7% മാത്രമാണ്. 

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 556 പേര്‍ മത്സരിച്ച സാഹചര്യത്തില്‍ നിന്ന് 2014 എത്തിയപ്പോള്‍ 154 വനിതാ സ്ഥാനാര്‍ത്ഥികള്‍ കുറയുന്നതാണ് പിന്നീട് കണ്ടത്. 1991-92 തെരഞ്ഞെടുപ്പില്‍ 599സ്ത്രീകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സ്ത്രീശാക്തീകരണവും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രഖ്യാപനത്തെ നിറഞ്ഞ കൈയടികളോടെയാണ് മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ കോൺഗ്രസ് ബൂത്ത് ഭാരവാഹികളായ വനിതകളും യുവാക്കളും സ്വീകരിച്ചത്. എന്നാല്‍ അത് നടപ്പിലാകുമോ എന്ന കാര്യത്തില്‍ അവര്‍ക്ക് പോലും സംശയം ഉണ്ടാവേണ്ട തരത്തിലാണ് മുന്‍കാല അനുഭവങ്ങള്‍.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ആകെ മത്സരിച്ചത് 15 സീറ്റിലാണ്. ഇതിൽ രണ്ടിടത്ത് മാത്രമാണ് വനിതകൾ മത്സരിച്ചത്. യുഡിഎഫിന് വിജയസാധ്യത ഇല്ലാതിരുന്ന ആറ്റിങ്ങലിൽ ബിന്ദു കൃഷ്ണയും ആലത്തൂരിൽ കെ എ ഷീബയുമാണ് മത്സരിച്ചത്. 2009ലെ തെരഞ്ഞെടുപ്പിലാകട്ടെ സീറ്റ് കിട്ടിയത് ഷാഹിദ കമാലിന് മാത്രം. കാസർകോട് നിന്ന് മത്സരിച്ച അവർ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ 70 വർഷത്തിനിടെ കോൺഗ്രസ് ടിക്കറ്റിൽ സംസ്ഥാനത്ത് നിന്ന് ലോക്സഭയിലെത്തിയത് ഒരേ ഒരു വനിതയാണ്. 1989ലും 91ലും പഴയ മുകുന്ദപുരത്ത് നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണൻ മാത്രമാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച് ലോക്സഭാംഗമായത്.

16-ാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി മത്സരിച്ച 402 വനിതകളില്‍ മൂന്നില്‍ ഒന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു. ഇവരില്‍ തന്നെ വിജയ സാധ്യത തുലോം കുറവായവരായിരുന്നു ഭൂരിഭാഗം വനിതാ സ്ഥാനാര്‍ത്ഥികളും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 33 വനിതകളെമത്സര രംഗത്ത് ഇറക്കിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി 39 വനിതകളെ സ്ഥാനാര്‍ത്ഥികളാക്കി. ബി ജെ പി – 20 വനിതകളെയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വനിതാ നേതാക്കളായ മായാവതിയുടെ ബി എസ് പി – 16 ഉം, തൃണമൂല്‍ കോണ്‍ഗ്രസ്സിലെ മമത ബാനര്‍ജി 12 പേരെയും മത്സരരംഗത്ത് വനിതകളായി രംഗത്തിറക്കിയിരുന്നു. ലോക്‌സഭയിലേക്ക് എസ് പി 16 വനിതകളെയും രംഗത്തിറക്കിയിരുന്നു.

2013 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് 101-ാം റാങ്കാണ് ഇന്ത്യക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ പിറകിലാകാന്‍ കാരണം വനിതകളുടെ രാഷ്ട്രീയ മേഖലയിലുള്ള അസാന്നിധ്യമായിരുന്നു. 1992 ലെ 73, 74 ഭരണഘടനാ ഭേദഗതികള്‍ക്ക് ശേഷം പഞ്ചായത്തി രാജ് സ്ഥാപനങ്ങളില്‍ 33% വനിതാ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 50% സ്ഥാനങ്ങള്‍ വനിതകള്‍ക്ക് പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ സ്ഥാനം അനുവദിക്കാനുള്ള നിയമം നിര്‍മ്മാണം നടത്തി ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലുംപാര്‍ലമെന്റിലേക്കുള്ള വനിതാ സംവരണം യാഥാര്‍ത്ഥ്യമായിട്ടില്ല.

”എന്നുവരെ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭാഗധേയം ദൈനംദിന ജീവിതത്തിലും പൊതുസേവനമേഖലയിലും രാഷ്ട്രീയജീവിതത്തിലും സ്വതന്ത്രമായി നിര്‍ണയിക്കാന്‍ കഴിയാതിരിക്കുന്നോ അതുവരെ പൂര്‍ണമായതും സുസ്ഥിരമായതുമായ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ പ്രയോജനമില്ല” എന്ന് ലെനിന്‍ പറഞ്ഞത് സാമൂഹികമാറ്റമുണ്ടാക്കുന്നതിന് മനുഷ്യകുലത്തിന്റെ പകുതിയോളം വരുന്ന ഒരു വിഭാഗത്തിന്റെ പ്രാതിനിധ്യം അധികാരത്തിന്‍റെ എല്ലാ മേഖലകളിലും ഉറപ്പു വരുത്തേണ്ടതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യവും മലയാളികളും

ഏതാണ്ട് ഏഴ് പതിറ്റാണ്ടിനിടെ നടന്ന പതിനാറ് തിരഞ്ഞെടുപ്പുകളില്‍ എട്ട് വനിതകള്‍ മാത്രമേ കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടുള്ളു എന്നത് അവിശ്വസനീയമായിത്തോന്നാം. തുല്യനീതിക്കും സ്ത്രീ സമത്വത്തിനും നവോത്ഥാനമുന്നേറ്റത്തിനും വേണ്ടി മുറവിളി ഉയരുന്ന കേരളത്തില്‍ പക്ഷെ ഇതു വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വനിതാ വോട്ടര്‍മാര്‍ ആയിരുന്നു കൂടുതല്‍ എന്നതാണ് വസ്തുത.

കേരളപ്പിറവിക്ക് മുമ്പ് 1951ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആനി മസ്‌ക്രീന്‍ ആണ് സംസ്ഥാനത്ത് നിന്ന് ആദ്യം ലോക്‌സഭയിലെത്തിയ വനിത. 1957 ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഏക വനിതാ സ്ഥാനാര്‍ത്ഥിയായി ആനി മസ്‌ക്രീന്‍ മത്സരിച്ചെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

1967ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുശീലാ ഗോപാലനാണ് ലോക്‌സഭയിലെത്തിയ രണ്ടാമത്തെ കേരളവനിത. 1980ല്‍ ആലപ്പുഴയില്‍ നിന്ന് സുശീല ഗോപാലന്‍ വീണ്ടും വിജയിച്ചു. 1984ലെ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴില്‍ നിന്ന് സുശീല ഗോപാലന്‍ വീണ്ടും വിജയിച്ചു. 1971ല്‍ അടൂരില്‍ സിപിഐയിലെ ഭാര്‍ഗവി തങ്കപ്പന്‍ വിജയിച്ചു. 1989ല്‍ മുകുന്ദപുരത്ത് മത്സരിച്ച കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണനാണ് വിജയിച്ച മറ്റൊരു വനിത. 1991ല്‍ സാവിത്രി ലക്ഷ്മണന്‍ ഇവിടെ നിന്ന് വീണ്ടും ലോക്‌സഭയിലെത്തി. സി.പി. എമ്മിലെ എ കെ പ്രേമജം 1998ല്‍ വടകരയില്‍ നിന്നന്ന് വിജയിച്ച്‌ ലോക്‌സഭയിലെത്തി.

1991ല്‍ വീണ്ടും വിജയിച്ച്‌ പ്രേമജം ലോക്‌സഭയിലെത്തി. വടകരയില്‍ 2004ല്‍ മത്സരിച്ച സി.പി. എമ്മിലെ പി സതീദേവിയാണ് വിജയം കണ്ട മറ്റൊരു വനിത. 2004ല്‍ സി എസ് സുജാതയും മാവേലിക്കരയില്‍ നിന്ന് വിജയിയായി. 2014ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് വിജയിച്ച പി കെ ശ്രീമതിയാണ് ലോക്‌സഭയിലെത്തിയ എട്ടാമത്തെ വനിത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15 വനിതകള്‍ കേരളത്തില്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് വിജയിയായത്. ഇത്തവണ ഇത്രയും വനിതകള്‍ മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകളാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയചര്‍ച്ചകളില്‍ നിന്ന് ലഭിക്കുന്നത്.

ലക്ഷ്മി.എന്‍. മേനോന്‍ ആണ്‌ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത . ബീഹാറില്‍നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്‌റു, നന്ദ, ലാല്‍ ബഹൂദര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടായിരുന്ന 402 പേരില്‍ 66 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. അതായത് ലോക്സഭയിലെ ആകെ അംഗങ്ങളുടെ 12.5ശതമാനം. വോട്ടര്‍മാരില്‍ ഏതാണ്ട് പാതിയും സ്ത്രീകള്‍ ഉള്ളയിടത്താണ് ലോക്സഭ അംഗങ്ങളുടെ എണ്ണത്തില്‍ ഇത്തരമൊരു വിത്യാസം. 

രാഷ്ട്രീയ ശാക്തീകരണം സ്ത്രീകള്‍ നേടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയുടെ പ്രധാന അധികാര കേന്ദ്രങ്ങള്‍ 21 വര്‍ഷക്കാലം ഇന്ദിരാഗാന്ധിയുടെയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെയും കരങ്ങളിലായിരുന്നു എന്ന് നാം മനസ്സിലാക്കണം. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാതെ ഈ സവിശേഷമായ പ്രത്യേകത ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് രാഷ്ട്രീയ രംഗത്തുനിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നു എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അത് ബോധപൂര്‍വ്വം ആണെങ്കിലും അല്ലെങ്കിലും അതിന് പരിഹാരം കാണേണ്ടത് ബോധാപൂര്‍വമായ ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂ. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സ്ത്രീപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സംഘടനകള്‍ക്കും അത്തരം ഇടപെടലുകള്‍ നടത്തുന്നതില്‍ പ്രധാനപ്പെട്ട സ്ഥാനം ഉണ്ട് താനും.

ഈ തെരഞ്ഞെടുപ്പില്‍ എത്ര സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവും?

2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള കണക്ക് പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റില്‍ 11% മാത്രമാണ് വനിതാ പ്രാതിനിധ്യമെങ്കില്‍ ക്യൂബയിന്‍ 49% നേപ്പാളില്‍ 33%, സൗദി അറേബ്യയില്‍ 20% പാക്കിസ്ഥാനില്‍ 20% വനിതാ പ്രാതിനിധ്യം ഉണ്ട് എന്നറിയുമ്പോഴാണ് രാജ്യത്തെ വനിതകളുടെ ദയനീയമായ രാഷ്ട്രീയ രംഗത്തെ പ്രകടനം നമുക്ക് കാണാന്‍ കഴിയുക. ഇന്ത്യയില്‍ മന്ത്രിമാരില്‍ 10% മാത്രം വനിതകളാകുമ്പോള്‍ റുവാണ്ടയില്‍ 56.7%, നോര്‍വേയില്‍ 53% ബഗ്ലാദേശില്‍ 14% വനിത മന്ത്രിമാര്‍ ഉണ്ട് എന്നും ഓര്‍ക്കണം.

നടപ്പ് ലോക്സഭയുടെ ആയുസ്സ് ദിവസങ്ങള്‍ മാത്രമുള്ള വേളയില്‍ അടുത്ത തെരഞ്ഞെടുപ്പിനു വേണ്ടി പാര്‍ട്ടികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന ഭഗീരഥ പ്രയത്നത്തിലാണ് പാര്‍ട്ടികളും മുന്നണികളും. വനിതകള്‍ക്ക് സംവരണം വേണം എന്നും സംവരണമല്ല അവകാശങ്ങള്‍ പിടിച്ചെടുക്കലാണ് ആവശ്യം എന്നുമുള്ള വ്യത്യസ്തമായ നിലപാടുകള്‍  നിലനില്‍ക്കുമ്പോഴും  അധികാരത്തിന്‍റെ ഇടനാഴികളിലെ സ്ത്രീ പ്രാതിനിധ്യം ഒരു ചോദ്യ ചിഹ്നമായി തന്നെ നില്‍ക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *