Fri. Nov 22nd, 2024
കാസര്‍കോട്:

ആശ്രിതനിയമനപ്രകാരം പോലീസ് വകുപ്പില്‍ സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം ലഭിച്ച ക്ലാര്‍ക്കുമാരും കുടുംബാംഗങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. 2012-2016 വര്‍ഷങ്ങളില്‍ നിയമനം നേടിയ 548-ഓളം ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

ആറുവര്‍ഷത്തിലധികം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കുപോലും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ ബഹിഷ്‌കരിക്കരണം. സംസ്ഥാനം- കേന്ദ്ര ഭരണങ്ങള്‍ തൊഴില്‍നിയമങ്ങള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്നാണ് പരാതി. ഇതേ കാലയളവില്‍ മറ്റു വകുപ്പുകളില്‍ ആശ്രിതനിയമനം ലഭിച്ച ഭൂരിഭാഗം ജീവനക്കാര്‍ക്കും എല്ലാവിധ പരിരക്ഷകളും ലഭിക്കുന്നുണ്ട്.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം പോലീസ് വകുപ്പില്‍നിന്ന് ആശ്രിതനിയമനത്തിനായി ലഭിച്ച അപേക്ഷകള്‍ പ്രകാരം മറ്റു വകുപ്പുകളില്‍ റെഗുലര്‍ തസ്തികയില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഇത് മുന്‍പേ നിയമനം നേടിയ സൂപ്പര്‍ന്യൂമററി ജീവനക്കാരോടു ചെയ്യുന്ന അനീതിയാണെന്നാണ് ഇവരുടെ പരാതി. ഒരേതരത്തില്‍ നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് വ്യത്യസ്തനീതി അംഗീകരിക്കാന്‍ സാധിക്കില്ല.

സൂപ്പര്‍ന്യൂമററി ക്ലാര്‍ക്കുമാരുടെ തടഞ്ഞുവെച്ച സാമ്പത്തികാനുകൂല്യങ്ങള്‍ ലഭ്യമാക്കി, ഒഴിവുള്ള വകുപ്പുകളിലേക്ക് ഇവരെ പുനര്‍വിന്യസിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *