Wed. Nov 6th, 2024
ശ്രീനഗര്‍:

ജമ്മുകാശ്മീരില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സഖ്യചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയും, ഒമര്‍ അബ്ദുള്ളയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാശ്മീരിലെ മൂന്നു സീറ്റുകളില്‍, കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കും. ജമ്മു മേഖലയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസിനെ പിന്തുണക്കും, കശ്മീരില്‍ കഴിഞ്ഞവട്ടം പി.ഡി.പി വിജയിച്ച മൂന്നു സീറ്റില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണച്ചിരുന്നു.

ജമ്മുകാശ്മീരിനു പുറമെ കര്‍ണാടകയില്‍ ജെ.ഡി.എസ്സുമായും, ബീഹാറില്‍ ആര്‍.ജെ.ഡിയുമായും കോണ്‍ഗ്രസ് സഖ്യത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലടക്കം ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന്, ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 18 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചത്. പുറത്തുവിട്ട പട്ടിക പ്രകാരം, മേഘാലയയിലെ മുന്‍ മുഖ്യമന്ത്രി മുകുള്‍ സംഗ്മ, തുര മണ്ഡലത്തില്‍ നിന്നു മത്സരിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കേരളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇന്ന് പുറത്ത് വരും എന്നാണു ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *