കാസര്‍കോട്:
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. മാര്‍ച്ച് 19-ന് കാസര്‍ഗോഡ് കലക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. കഴിഞ്ഞ ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ നടത്തിയ പട്ടിണിസമരവും, സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരത്തെയും തുടര്‍ന്ന് സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ദുരിതബാധിതരെ വീണ്ടും ആശങ്കപ്പെടുത്തുകയാണ്. 2017 ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെ വീണ്ടുമൊരു പരിശോധന കൂടാതെ പട്ടികയില്‍പ്പെടുത്താനും, ദുരിതബാധിതരെ കണ്ടെത്തുമ്പോള്‍ അതിര്‍ത്തി ബാധകമാക്കില്ലെന്നുമായിരുന്നു നേരത്തെ തീരുമാനമുണ്ടായത്.
എന്നാല്‍ ഉത്തരവിറങ്ങിയപ്പോള്‍, കുട്ടികളുടെ പുനഃപരിശോധനയും അതിര്‍ത്തിയുമെല്ലാം ഉത്തരവിലുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പേരില്‍, തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നത് ചട്ടലംഘനമല്ലെന്നിരിക്കെ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സെല്‍യോഗം പോലും മാറ്റിവച്ചു. ദുരിത ബാധിതരോട് അധികാരികള്‍ കാണിക്കുന്ന നീതി നിഷേധമാണിതെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറഞ്ഞു.
സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്താനും, സര്‍ക്കാര്‍ വാക്കുപാലിക്കാത്ത പക്ഷം, സമര പരിപാടികള്‍ സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റാനുമാണ് ഇവരുടെ തീരുമാനം.