തിരുവനന്തപുരം:
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനകം നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്ക റാം മീണ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുവാന്‍ നോഡല്‍ ഓഫീസര്‍ കെ. ജീവന്‍ ബാബുവിനെ ചുമതലപ്പെടുത്തി.
മതപരമായ ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്ന സംബന്ധിച്ച പരാതികളും നോഡല്‍ ഓഫീസര്‍ പരിശോധിക്കും. പൊതുനിരത്തുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ ഉടനടി നീക്കം ചെയ്യുവാനും കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ഇവ നീക്കം ചെയ്യുന്നതിനാവശ്യമായ സുരക്ഷ പോലീസ് നല്‍കണം.
തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കാനും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.