Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് പതിനൊന്ന് ദിവസം കഴിയുന്നു. ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.bjp.org ഹാക്കർമാർ തകർത്തത്. വെബ്സൈറ്റിന്‍റെ ഹോം പേജ് വികൃതമാക്കുന്ന ഹാക്കർമാരുടെ സ്ഥിരം അടവ് മാത്രമാണെന്നും ഉടൻ സൈറ്റ് പൂർവ്വ സ്ഥിതിയിലാകും എന്നും കരുതിയവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഹാക്കർമാർ പണികൊടുത്തിട്ട്  പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ ബി.ജെ.പി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.

മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. ഞങ്ങൾ ഉടൻ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോഴും കാണിക്കുന്നത്. തിരിച്ചുവരാന്‍ സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ബി.ജെ.പി സൈറ്റില്‍ വരുത്തിയ നാശം ചെറുതായിരിക്കില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ആരാണ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങൾ നഷ്ടപ്പെട്ടുവെന്നോ ഇതുവരെ വ്യക്തമായിട്ടില്ല, വെബ്സൈറ്റിന് ശരിയായ ബാക്കപ്പ് ഇല്ല എന്നും വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബാക്കപ്പ് ഉണ്ടായിരുന്നെങ്കിൽ മണിക്കൂറുകൾക്ക് അകം പരിഹരിക്കാവുന്ന പ്രശ്നം ഇത്രയും വൈകുന്നുണ്ടെങ്കിൽ ഹാക്ക് ചെയ്തയാൾ പ്രധാനപ്പെട്ട വിവരങ്ങളും മോഷ്ടിച്ചിരിക്കാം എന്നും അഭിപ്രായം ഉയരുന്നുണ്ട്. ഡിഫേസിംഗിനെക്കാൾ ഗുരുതരമായ പ്രശ്നമാണ് ഇത്.

മിസ് കോൾ ക്യാമ്പയിനിലെ നമ്പറുകളും, വോട്ടർ രജിസ്ട്രേഷൻ ഡാറ്റയുമൊക്കെയായി വിവരങ്ങളുടെ ഒരു ഖനി തന്നെയായിരുന്നു ബി.ജെ.പി വെബ്സൈറ്റ് അത് കൊണ്ട് തന്നെ ഇതൊരു പ്രൈവസി പ്രശ്നം കൂടിയാണെന്ന് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയെപ്പോലെ സുശക്തമായ ഐ.ടി സെല്ലുള്ള, ഡിജിറ്റൽ ലോകത്തെ സാന്നിദ്ധ്യത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു പാർട്ടിയുടെ വെബ്സൈറ്റിന്‍റെ അവസ്ഥ അതിശയിപ്പിക്കുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

പ്രശ്നമെന്തായാലും ബി.ജെ.പിയെപ്പൊലെ ഒരു പാർട്ടിക്ക് ഇലക്ഷൻ പടിവാതിലിൽ നിൽക്കുമ്പോൾ കിട്ടിയ അടി അത്ര ചെറുതൊന്നുമല്ല. ബി.ജെ.പിയെ പരിഹസിച്ച് വേണമെങ്കിൽ ഞങ്ങൾ സഹായിക്കാമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ കോൺഗ്രസ് ട്വീറ്റ് ചെയ്യുക വരെ ചെയ്തു. ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്‍ധൻ റോബർട്ട് ബാപ്റ്റിസ്റ്റ് (എലിയട്ട് ആൾ‍ഡേഴ്സൺ) ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് ട്രോളുക വരെ ചെയ്തു. അടുത്ത ദിവസങ്ങളിലെങ്കിലും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ കഴിയുമോ എന്നാണ് ടെക് ലോകവും രാഷ്ട്രീയക്കാരും ഉറ്റു നോക്കുന്നത്.

അതിനിടെ ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഹാക്കര്‍മാര്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹാര്‍ദിക് പട്ടേലിന്റേത് എന്ന പേരില്‍ അശ്ലീല വീഡിയോയുടെ ഭാഗം പോസ്റ്റ് ചെയ്തിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് കോണ്‍ഗ്രസിന്റെ https://www.gujaratcongress.in എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് വെളളിയാഴ്ച വൈകീട്ടോടെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്ക് ചെയ്ത പേജില്‍ ഹാര്‍ദിക് പട്ടേലിന്റെത് എന്ന പേരില്‍ പഴയ വിവാദ അശ്ലീല വീഡിയോയുടെ ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പുതിയ നേതാവിന് സ്വാഗതം എന്നും വീഡിയോയ്‌ക്കൊപ്പം എഴുതിയിട്ടുണ്ട്.

ഹാര്‍ദിക് പട്ടേലുമായി സാമ്യമുളള യുവാവാണ് ചിത്രത്തിലുളളത്. ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവായ ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും അംഗത്വം സ്വീകരിച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ സമരം ചെയ്താണ് 25കാരനായ ഹാര്‍ദിക് നേതാവായി വളര്‍ന്നത്. ബി.ജെ.പി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായി മാറിയിരുന്നു പട്ടേല്‍ സംവരണ സമരം. തന്നെ സ്വാധീനിക്കാന്‍ ബി.ജെ.പി. ശ്രമിച്ചെന്ന് ഹാര്‍ദിക് നേരത്തെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തന്റെ അശ്ലീല വീഡിയോ പുറത്ത് വിട്ടേക്കാം എന്ന് ഹാര്‍ദിക് പ്രവചിച്ചതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ച്‌ തുടങ്ങിയത്. ഹിര്‍ദിക്കുമായി രൂപസാദൃശ്യമുളള യുവാവും യുവതിയുമാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *