ബിക്കാനീർ:
രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ദേവി സിംഗ് ഭാട്ടി പാര്‍ട്ടി വിട്ടു. ബിക്കാനീറിൽ നിന്നുള്ള ബി.ജെ.പി. എം.പി അര്‍ജ്ജുന്‍ റാം മേഘ്‌വാളിന് വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അര്‍ജ്ജുന്‍ റാം മേഘ്‌വാളിന് സീറ്റ് നല്‍കരുതെന്ന്, താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും, എന്നാല്‍ തുടര്‍ന്നും സീറ്റ് നല്‍കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും ദേവി സിംഗ് ഭാട്ടി മാധ്യമങ്ങളോടു പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് പാര്‍ട്ടി നേതൃത്വത്തിന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ദേവി സിംഗ് ഭാട്ടി തന്റെ രാജിക്കാര്യം അറിയിച്ചത്. 1980 മുതല്‍ രാജസ്ഥാനില്‍ നിന്ന് ഏഴു തവണ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഭാട്ടി. അതേസമയം, ദേവി സിംഗ് ഭാട്ടി കോണ്‍ഗ്രസ്സില്‍ ചേരും എന്ന തരത്തിലുള്ള അഭ്യുഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഏറ്റ സംസ്ഥാനമാണ് രാജസ്ഥാന്‍. വരാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. അങ്ങനെയിരിക്കെ സംസ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിടുന്നതോടെ പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാവും.