Sun. Sep 8th, 2024
കോഴിക്കോട്:

കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കിവരുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാര്‍ഷിക യന്ത്രത്തിന്റെ അറ്റകുറ്റപ്പണിയും പ്രവര്‍ത്തി പരിചയ പരിശീലനവും വേങ്ങേരി മൊത്ത വ്യാപാര കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലയിലെ 9 അഗ്രോ സര്‍വീസ് സെന്ററിലെയും ഒരു കര്‍മ്മസേനയില്‍ നിന്നുമായി രണ്ട് പേരെ വീതം 20 പേര്‍ക്കാണ് പരിശീലനം. ജില്ലയിലെ മുഴുവന്‍ കാര്‍ഷിക കര്‍മ്മസേനയിലെയും കാര്‍ഷിക യന്ത്ര സേവന കേന്ദ്രങ്ങളിലെയും കേടുപാട് പറ്റിയ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കി കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് നല്‍കുകയും തുടര്‍ പരിചരണത്തിന് പ്രാപ്തരാക്കുകയുമാണ് പരിശീലന ലക്ഷ്യം.

രണ്ടാംഘട്ടത്തില്‍ കര്‍ഷകരുടെയും കാര്‍ഷിക സമിതികളുടെയും പക്കലുള്ള കേടുവന്ന മുഴുവന്‍ കാര്‍ഷികയന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ഈ യജ്ഞത്തിന്റെ ഭാഗമായി ചെയ്യും. ഇതിനായി ഓരോ ജില്ലയ്ക്കു വേണ്ടി കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ കാര്‍ഷിക യന്ത്രകിരണ്‍ സ്‌ക്വാഡ് (കെ.വൈ.കെ.എസ്) രൂപീകരിച്ചിട്ടുണ്ട്. ഒരു പ്രോജക്ട് എന്‍ജിനീയര്‍, കാര്‍ഷികഗവേഷണകേന്ദ്രം മണ്ണുത്തിയിലെ ഭക്ഷ്യ സുരക്ഷാസേനയിലെ രണ്ടു സീനിയര്‍മാസ്റ്റര്‍ ട്രെയിനര്‍മാര്‍, കാര്‍ഷിക യന്ത്രവല്‍ക്കരണം മിഷന്റെ നാല് കാര്‍ഷിക മെക്കാനിക് ട്രെയിനര്‍മാര്‍ ഉള്‍പ്പെടുന്ന ആറ് അംഗങ്ങളുടെ സംഘമാണ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കൂടാതെ ജില്ലയിലെ കൃഷി എഞ്ചിനീയറുടെ നേതൃത്വത്തില്‍ കൃഷി മെക്കാനിക്കുകളും യജ്ജത്തില്‍ പങ്കുചേരും.

പരിപാടിയുടെ ഉദ്ഘാടനം ഉത്തര മേഖലാ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ ഉദ്ഘാടനം ചെയ്തു. ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ കോഴിക്കോട് പ്രസന്നന്‍ അധ്യക്ഷനായിരുന്നു. ഡോ. ജയകുമാര്‍ സി. ഇ. ഒ കേരള സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ മിഷന്‍ പദ്ധതി വിശദീകരിച്ചു. കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്, കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി അഹമ്മദ് കബീര്‍, പ്രോജക്ട് എന്‍ജിനീയര്‍ അര്‍ച്ചന എന്നിവര്‍വ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *