തിരുവനന്തപുരം:
പേരാമ്പ്രയില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് വഴിയരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. പേരാമ്പ്ര കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചീഫ് സൂപ്രണ്ടും പ്രധാനാധ്യാപികയുമായ ഇ. പുഷ്പലത, ഡപ്യൂട്ടി ചീഫ് കോഴിക്കോട് സെന്റ് മേരീസ് എച്ച്.എച്ച്.എസ്സിലെ സണ്ണി ജോസഫ് എന്നിവരെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ്‌കുമാറിന്റെ അന്വേഷണത്തില്‍ ഇരുവരുടെയും വീഴ്ചയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.
സംഭവശേഷം ഇരുവരെയും പരീക്ഷാ ചുമതലയില്‍ നിന്നു നീക്കിയിരുന്നു. പ്രധാന ഉത്തരവാദിയായ ഓഫീസ് അസിസ്റ്റന്റ് എം.പി.സിബിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ടാണു മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളടങ്ങിയ മൂന്നു കെട്ടുകള്‍ കായണ്ണ ബസാറിനടുത്തു നിന്നും വഴിയാത്രക്കാരനു ലഭിച്ചത്. മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് അയക്കാന്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കു ബൈക്കില്‍ കൊണ്ടു പോകുമ്പോഴാണു വീണുപോയത്.