വാഷിങ്ടൺ ഡി.സി:
ചൊവ്വയിൽ ആദ്യമായി കാലുകുത്താൻ പോവുന്ന ബഹിരാകാശ സഞ്ചാരി ഒരു വനിത ആയിരിക്കാം എന്ന് നാസ അഡ്മിനിസ്ട്രേറ്ററായ ജിം ബ്രൈഡൻസ്റ്റീൻ പറഞ്ഞു. ചന്ദ്രനിലും അടുത്തതായി ഒരു വനിത സഞ്ചാരിയെ ആദ്യമായി ഇറക്കാനാണ് നാസ പദ്ധതിയിടുന്നതെന്നും ഇതിന്റെ തയ്യാറെടുപ്പുകളിലാണ് നാസയെന്നും ബ്രൈഡൻസ്റ്റീൻ പറഞ്ഞു. “സയൻസ് ഫ്രൈഡേ” എന്ന സയൻസ് ആൻഡ് ടെക്നോളജി റേഡിയോ ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്ന ബ്രൈഡൻസ്റ്റീനെ ഉദ്ധരിച്ച്, വാർത്ത ചാനലായ സി.എൻ.എൻ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
ചൊവ്വയിൽ ആദ്യമായി മനുഷ്യനെ ഇറക്കുക എന്ന ദൗത്യത്തിനായി ഒരു പ്രത്യേക വനിതയെ നിയോഗിച്ചതായി ബ്രൈഡൻസ്റ്റീൻ പറഞ്ഞില്ല. എന്നാൽ, നാസയുടെ വരും കാല പദ്ധതികളിൽ സ്ത്രീകൾ മുൻപന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആദ്യ വനിതാഭിരാകാശനടത്തം (spacewalk) മാർച്ച് മാസം അവസാനത്തോടെ ഉണ്ടാകും എന്നും നാസ അറിയിച്ചു. ബഹിരാകാശ യാത്രികരായ അന്ന മക്ക്ലൈൻനും ക്രിസ്റ്റീന കോച്ചും ആയിരിക്കും ഈ ദൗത്യത്തിൽ പങ്കെടുക്കുക. സ്ത്രീകൾ മാത്രമുള്ള ഈ ബഹിരാകാശ നടത്തം ഏഴ് മണിക്കൂറോളം ഉണ്ടാവുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. അമേരിക്കയിൽ ഈ മാർച്ച് മാസം ദേശീയ വനിതാമാസമായി ആചരിക്കുകയാണ് എന്ന പ്രത്യേകതയും ഉണ്ട്.
2013 ലെ ബഹിരാകാശ യാത്രികർക്കായുള്ള ക്ലാസ്സിൽ പങ്കെടുത്തവരാണ് അന്ന മക്ക്ലൈനും, ക്രിസ്റ്റീന കോച്ചും. ഈ ക്ലാസ്സിൽ പങ്കെടുത്തവരിൽ പകുതി പേരും സ്ത്രീകളായിരുന്നു. ക്ലാസിൽ പങ്കെടുക്കുന്നതിനായി നാസക്ക് ലഭിച്ച ഏറ്റവും വലിയ രണ്ടാമത്തെ അപേക്ഷകരുടെ പട്ടികയായ 6,100 ലധികം പേരിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും പുതുതായി നടന്ന ക്ലാസ്സിലും അമ്പതു ശതമാനം പേർ സ്ത്രീകളായിരുന്നു എന്ന് നാസ പറഞ്ഞു.
1978 ൽ നാസയിൽ ബഹിരാകാശ യാത്രികരായി ആകെ 6 വനിതകളാണ് ഉണ്ടായിരുന്നത്. നിലവിൽ, നാസയിലെ ബഹിരാകാശ യാത്രികരിൽ 34 ശതമാനവും സ്ത്രീകളാണ്.