കോഴിക്കോട്:
എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍, മദ്ധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. എം.ടി, തന്റെ തന്നെ നോവലായ രണ്ടാമൂഴത്തെ അവലംബിച്ച് എഴുതി ശ്രീകുമാർ മേനോന് കൈമാറിയ തിരക്കഥ സംവിധായകന് ഉപയോഗിക്കാനാവില്ലെന്ന ഉത്തരവ് നേരത്തെ ഉണ്ടായിരുന്നു, ഈ ഉത്തരവും ഇതോടൊപ്പം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിലനിര്‍ത്തി.
നടൻ മോഹൻലാലിനെ, ഭീമസേനന്റെ വേഷത്തിൽ നിശ്ചയിച്ചുകൊണ്ടുള്ള സിനിമയ്ക്കായി നാലുവർഷം മുൻപാണ്, പ്രശസ്ത എഴുത്തുകാരനും, ചലച്ചിത്രകാരനും ജ്ഞാനപീഠം ജേതാവുമായ എം. ടി വാസുദേവന്‍ നായരും പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്നത്. സിനിമയ്ക്കായി, മലയാളത്തിലും ഇംഗ്ളീഷിലുമായി രചിച്ച തിരക്കഥയും എം.ടി, ശ്രീകുമാറിന് കൈമാറിയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കണമെന്നായിരുന്നു എം.ടി യുടെ നിബന്ധന. ഇത് ശ്രീകുമാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ആയിരം കോടി രൂപ മുടക്കി പ്രമുഖ വ്യവസായി ബി. ആര്‍ ഷെട്ടിയാണ് സിനിമയുടെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മുതൽ മുടക്കുള്ള സംരംഭം എന്ന നിലയിൽ ‘രണ്ടാമൂഴം’ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ശ്രീകുമാറിനു കഴിഞ്ഞില്ല. ഇതിനിടയിൽ മോഹൻലാലിനെ തന്നെ നായകനാക്കി ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിലേക്ക് ശ്രീകുമാർ കടന്നു. ഈ സമയത്ത് എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ടു. ശ്രീകുമാറിന്റെ ആവശ്യത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി എം.ടി കരാര്‍ നീട്ടി നല്‍കി. ഇതിനിടയിൽ ശ്രീകുമാർ മേനോൻ ഒടിയന്റെ ചിത്രീകരണം പൂർത്തീകരിച്ചിരുന്നു. എന്നാൽ, രണ്ടാമൂഴം തുടങ്ങുന്ന ഒരു ലക്ഷണവും ശ്രീകുമാർ മേനോന്റെ ഭാഗത്തു നിന്നും കാണാതായതിനെ തുടർന്നാണ്, തിരക്കഥ തിരികെ ആവശ്യപ്പെട്ടുകൊണ്ട് എം.ടി കോടതിയെ സമീപിച്ചത്. മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും, എം.ടി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
തിരക്കഥ എം.ടി വിട്ടുതരില്ലെന്നറിയിച്ചതോടെ തനിക്ക് എം.ടി യുടെ തിരക്കഥ വേണമെന്നില്ലെന്നും, തനിക്ക് മഹാഭാരതം സിനിമയാക്കുക എന്നതാണ് ആഗ്രഹമെന്നും ബി.ആർ ഷെട്ടി പറഞ്ഞിരുന്നു. നിലവിൽ, ബി.ആർ ഷെട്ടി സിനിമയിൽ നിന്നും പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ മോഹൻലാൽ നായകനായി ‘രണ്ടാമൂഴം’ സിനിമയായി കാണുക എന്ന ആരാധകരുടെ ആഗ്രഹം ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.