Wed. Jan 22nd, 2025
#ദിനസരികള് 697

കജ്രോല്‍ക്കറെ അറിയുമോ? നാരായണ്‍ ശധോബ കജ്രോല്‍ക്കര്‍? ഭൂരിപക്ഷത്തിനും ഈ പേര് അപരിചിതമായിരിക്കും. എന്നാല്‍ അംബേദ്‌കർ എന്ന പേരോ? ഭരണഘടനാ ശില്പി എന്ന വിശേഷണത്തോടെ എത്രയോ കാലമായി നാം പഠിച്ചും പറഞ്ഞും അംബേദ്‌കറെക്കുറിച്ച് കേട്ടിരിക്കുന്നു. ദളിതു ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മഹാന്‍. അംബേദ്‌കറെ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാക്കണമെന്നാണ് മഹാത്മാ ഗാന്ധി ഒരിക്കല്‍ ആവശ്യപ്പെട്ടത്. അത്തരത്തിലുള്ള അംബേദ്‌കറെ സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ഇലക്ഷനില്‍ പരാജയപ്പെടുത്തിയ ആളാണ് കജ്രോല്‍ക്കര്‍.

1952 ലെ ആദ്യ തിരഞ്ഞെടുപ്പ്. ബോംബേ നോര്‍ത്ത് മണ്ഡലത്തില്‍ അംബേദ്‌കര്‍ മത്സരിക്കാനിറങ്ങി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കജ്രോല്‍ക്കറായിരുന്നു. അംബേദ്‌കര്‍ പരാജയപ്പെടുമെന്ന് ആരും വിശ്വസിച്ചില്ല. പക്ഷേ അപ്പുറത്ത് കോണ്‍ഗ്രസ്സാണ്. അവര്‍ കൃത്യമായും വര്‍ഗ്ഗീയകാര്‍‌ഡെടുത്തു. കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനും, മുസ്ലീമുകള്‍ക്കും അനുകൂലമായി അംബേദ്‌കര്‍ നിലപാടെടുത്തുവെന്നും, അത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അംബേദ്‌കര്‍ രാജ്യത്തിന് എന്തൊക്കെയായിരുന്നുവോ അതെല്ലാം മണ്ഡലത്തില്‍ നിഷേധിക്കപ്പെട്ടു. വര്‍ഗ്ഗീയ പ്രചാരണത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന് കാലുകളിടറി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന ശില്പികളില്‍ ഒന്നാമന്‍ കേവലം അപരിചിതനായ ഒരാളോട് പരാജയം ഏറ്റുവാങ്ങി.

ഒരു കാര്യം കൂടി ഇവിടെ വ്യക്തമായി സൂചിപ്പിക്കണമെന്നു കരുതുന്നു. എനിക്ക് കജ്രോല്‍ക്കറോട് വ്യക്തിപരമായി ഒരു താല്പര്യക്കുറവുമില്ല. അദ്ദേഹവും ദളിതനാണ്. 1962 ലെ രണ്ടാമത്തെ ഇലക്ഷനിലും അദ്ദേഹം പ്രസ്തുത മണ്ഡലത്തെ പ്രതിനിധീകരിച്ചതുമാണ്. കൂടാതെ, രാജ്യം പത്മഭൂഷന്‍ നല്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അംബേദ്‌കറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊക്കെ തുലോം നിസ്സാരങ്ങളാണെന്നതിലാണ് എന്റെ ഊന്നല്‍. അദ്ദേഹത്തിന്റെ വിജയത്തിന്റെ സുപ്രധാനകാരണമായി മാറിയത് മറ്റൊന്നുമല്ല. മുസ്ലിംവിരുദ്ധതയും, അതിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചെടുത്ത രാജ്യ സ്നേഹവും ദേശീയതയും മറ്റുമായിരുന്നു.

രാജ്യം ഇക്കാലത്ത് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിപത്ത് തീര്‍ച്ചയായും വര്‍ഗ്ഗീയതയും അഴിമതിയുമാണ്. ഇതിലേതാണ് കൂടുതല്‍ അപകടകാരി എന്ന ചോദ്യത്തിന് വര്‍ഗ്ഗീയത എന്നായിരിക്കും എന്റെ ഉത്തരം. ഈ വര്‍ഗ്ഗീയതയെ സജീവമായി നിലനിറുത്താനും, ആവശ്യമുള്ള ഘട്ടങ്ങളില്‍ തന്ത്രപൂര്‍വ്വം വിനിയോഗിക്കാനും ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മതേതരത്വവും ജനാധിപത്യവുമൊക്കെ പറയുമ്പോഴും കോണ്‍ഗ്രസ്സിന്റെ അകക്കാമ്പിനോട് ഒട്ടി നിന്നുകൊണ്ട് ഫ്യൂഡല്‍ കാഴ്ചപ്പാടുകളും വര്‍ഗ്ഗീയതയും എല്ലായ്പോഴും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് വര്‍ഗ്ഗീയതക്കെതിരെയുള്ള പോരാട്ടങ്ങളില്‍ കോണ്‍ഗ്രസ്സ് വിശ്വസിക്കാന്‍ കഴിയുന്ന പങ്കാളിയല്ലെന്ന് ചരിത്രബോധമുള്ളവര്‍ പറയുന്നത്.

കോണ്‍ഗ്രസ് വിതച്ചത്, ഇക്കാലങ്ങളില്‍ കൊയ്തെടുക്കുന്നത് സംഘപരിവാരമാണ്. കോണ്‍ഗ്രസ് മുഖംമൂടിയിട്ടു പ്രകടിപ്പിച്ച വര്‍ഗ്ഗീയതയെ, അവര്‍ മുഖംമൂടിയില്ലാതെ പ്രത്യക്ഷമായിത്തന്നെ ഉപയോഗിച്ചു. തീവ്രമായ ആ ആക്രമണത്തിന്റെ മുന്നില്‍, കോണ്‍ഗ്രസ് ഒളിച്ചു നടത്തുന്ന കളികള്‍ അപ്രസക്തമായി. ഉള്ളില്‍ പേറുന്ന ഈ വര്‍ഗ്ഗീയത കാരണം കോണ്‍ഗ്രസ്സില്‍‌ നിന്നും ബി.ജെ.പിയിലേക്കും തിരിച്ചും ഉള്ള പ്രയാണങ്ങള്‍ സ്വാഭാവികമായ പ്രക്രിയയാകുന്നു. സോണിയാജി സിന്ദാബാദ് എന്നതിനു പകരം അമിത്ഷാജി സിന്ദാബാദ് എന്നു മാറ്റി വിളിക്കുന്നത്ര എളുപ്പമാണ് ഈ കക്ഷിമാറല്‍. ഇത് കേവലമായ ഒരാരോപണമല്ല എന്നതിന് ബി.ജെ.പി, മോദിയുടെ കീഴില്‍ അധികാരത്തില്‍ വന്ന ഈ കാലത്തെ മാത്രം കണക്കിലെടുത്താല്‍ മതി. എത്രയെത്ര കോണ്‍ഗ്രസ് നേതാക്കന്മാരാണ് ബി.ജെ.പിയിലേക്ക് ചെന്നു കേറിയത്? എസ്.എം. കൃഷ്ണയെപ്പോലുള്ള, റീത്ത ബഹുഗുണയെപ്പോലെയുള്ള, ഒരു കാലത്ത് കോണ്‍ഗ്രസിന്റെ മുഖങ്ങളായിരുന്നവരാണ് ഇന്നു ബി.ജെ.പിയെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കൂട്ടത്തോടെ രാജിവെച്ച് ബി.ജെ.പിയിലേക്ക് കൂടുമാറിയ എത്രയോ എമ്മെല്ലെമാരാണ് ഉള്ളത്?

ബി.ജെ.പിയുടെ തീവ്രവും പ്രത്യക്ഷവുമായ ഹിന്ദുത്വവാദങ്ങള്‍ക്കെതിരെ, കോണ്‍ഗ്രസടക്കമുള്ള വലതുപക്ഷ കക്ഷികളുടെ സമീപനങ്ങളെ പിന്തുണക്കേണ്ടി വരുന്നത് വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന ഗതികേടുതന്നെയാണ്. അതു പക്ഷേ മതേതരമനസ്സുകളുടെ ഉത്തരവാദിത്തം കൂടിയാകുന്നുവെന്നതാണ് വലിയ വിരോധാഭാസം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *