വാഷിങ്ടണ്‍:
48 അംഗങ്ങളുള്ള ആണവദാതാക്കളുടെ സംഘത്തിൽ (എൻ.എസ്.ജി) പ്രവേശനം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് യു.എസ്സിന്റെ ഉറപ്പ്. ആണവായുധ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെ ചൈനയാണ് എതിര്‍ത്തു വരുന്നത്.
ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എസ് ധാരണയായി. ഉഭയകക്ഷി സിവില്‍ ആണവോര്‍ജ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാര്‍. ഇന്ത്യ-യു.എസ് സ്ട്രാറ്റജിക് സെക്യൂരിറ്റി ഡയലോഗിന്റെ ഒമ്പതാം വട്ട ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയും, യു.എസ്. രാജ്യാന്തര സുരക്ഷ, ആയുധ നിയന്ത്രണ കാര്യ ചുമതലയുള്ള വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ആന്‍ഡ്രിയ തോംസണും ബുധനാഴ്ച നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആണവ പ്ലാന്റുകൾ എവിടെയാണു സ്ഥാപിക്കുന്നതെന്നു വിശദീകരിച്ചിട്ടില്ല. പിറ്റ്സ്ബർഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ്, ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും, 2017 ല്‍ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി, പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനു തടസ്സമായി.
സൈനികേതര ആണവോര്ജ്ജാവശ്യങ്ങള്ക്കുള്ള ചരിത്രപരമായ ഇന്ത്യ-യു.എസ് ആണവ കരാര്‍ 2008-ലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ഇതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ആണവ രാജ്യങ്ങളുടെ കൂട്ടായ്മയായ ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പ് (എന്‍.എസ്.ജി)ല്‍ അംഗത്വമില്ലാത്ത ഇന്ത്യയ്ക്ക്, നിരവധി രാജ്യങ്ങളുമായി ആണവ കരാറുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു ഈ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതിനു ശേഷം ഫ്രാന്‍സ്, റഷ്യ, കാനഡ, ബ്രിട്ടന്, ഓസ്ട്രേലിയ, ജപ്പാന്, ശ്രീലങ്ക, ദക്ഷിണ കൊറിയ, വിയറ്റ്നാം, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുണ്ടാക്കി.
അതേസമയം, 2024 ഓടെ ആണവ ശേഷി മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ന്യൂഡഹിയില്‍ നടന്ന ഉച്ചകോടിയില്‍ ആറിലധികം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും കരാറില്‍ ഒപ്പിട്ടിരുന്നു. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുള്ള ഇന്ധനലഭ്യത ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.