Sun. May 19th, 2024

മാസപ്പടിക്കേസില്‍ മഖ്യമന്ത്രി പിണറായി വിജയന്‍,  മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി അഴിമതി നടത്തിയതിന് തെളിവില്ലെന്നും കോടതിയുടെ നിരീക്ഷണമുണ്ട്.

ഹരജി തള്ളിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് മാത്യൂ കുഴല്‍നാടനെതിരെ ഉയരുന്നത്. ഇടത് നേതാക്കളും കൈരളി ന്യൂസും കുഴല്‍നാടനെതിരെ ട്രോളുകളിലൂടെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

തെളിവുമില്ല… വെളിവുമില്ല… എന്നാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.  മുഖ്യമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച്  ‘ഉന്നാല്‍ മുടിയാത് തമ്പീ’ എന്നാണ് പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയേയും മകളേയും അഴിക്കുള്ളിലാക്കാന്‍ നടന്ന യുവാവിന്റെ കോട്ടും സ്യൂട്ടും ഷൂസും വാടകയ്ക്ക് എന്ന ഒരു പരിഹാസ കുറിച്ചും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല. ഇത് രോഗം വേറെയാണ്, ”അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം”. നിങ്ങള്‍ നോക്കിക്കോ, മുഖമടച്ചു കോടതിയില്‍ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ‘ആഘോഷമാക്കും’. അതാണ് രോഗം. ഉടന്‍ കാണാം, കോടതി എടുത്ത് ദൂരെയെറിഞ്ഞ ഈ കേസ് വച്ചു ഒരു ഒന്നന്നര മണിക്കൂര്‍ വാര്‍ത്താസമ്മേളനം.! അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം.’ എന്നാണ് മാത്യു കുഴല്‍നാടനെ പരിഹസിച്ച് എ എ റഹീം എംപി ഫേസ്ബുക്കില്‍ കുറിച്ചത്.

‘എയര്‍’ ഫ്രയറില്‍ നാടന്‍ ‘കുഴലപ്പം’ ഉണ്ടാക്കിയാലോ?, ‘കുഴ’ലൂതും പൂന്തെന്നലേ മഴനൂല്‍ ചാര്‍ത്തി കൂടെ വരുമോ? ഈ പാട്ട് ഇന്ന് പാടിയില്ലെങ്കില്‍ പിന്നെ എന്ന് പാടാനാണ്; വാ പാടാം ആടാം, പന്തീരാണ്ട് കാലം കുഴലിലിട്ടാലും നായയുടെ വാല് നിവരില്ല; അതിനൊരു കാരണം ഉണ്ട്, വ്യക്തമായ കാരണം, തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്സുകള്‍, തുടങ്ങിയ തലക്കെട്ടുകളില്‍ വാര്‍ത്ത നല്‍കിയാണ് കൈരളി ന്യൂസ് മാത്യൂ കുഴല്‍നാടന്റെ പരാജയത്തെ ട്രോളിയിരിക്കുന്നത്.