Mon. Dec 23rd, 2024
കൊച്ചി:

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെ കേസെടുക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജനുവരി രണ്ടിനും മൂന്നിനും നടന്ന ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍ 1097 കേസുകളെടുത്തിട്ടുണ്ടെന്നും അസിസ്റ്റന്റ് ഐ.ജി. പി. അശോക് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല വിഷയത്തിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് വിശദീകരണം.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ടി.പി. സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ., വി. മുരളീധരന്‍ എം.പി., ആര്‍.എസ്.എസ്. പ്രാന്ത് ചാലക് പി.ഇ.ബി. മേനോന്‍ എന്നിവരെയാണ് പ്രതിചേര്‍ക്കുക.

ചില കേസുകളില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റു കേസുകളില്‍ പ്രതിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ പങ്കു വെളിവായ പശ്ചാത്തലത്തില്‍ സുപ്രിംകോടതി വിധിപ്രകാരം എല്ലാ നേതാക്കളെയും കേസില്‍ പ്രതികളാക്കുകയാണെന്നും പോലീസ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *