Mon. Dec 23rd, 2024
കോഴിക്കോട്:

ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍, കായണ്ണ അങ്ങാടിക്കു സമീപം റോഡരികില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. സ്‌കൂൾ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ തപാല്‍ വഴി അയയ്ക്കാനായി കൊണ്ടു പോകുമ്പോള്‍ ബൈക്കില്‍ നിന്നു വീണുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഓഫീസ് അറ്റന്‍ഡ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ പരീക്ഷ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി. വിശദമായ തുടരന്വേഷണം നടക്കും.

ബുധനാഴ്ച നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരപ്പേപ്പറുകളുടെ കെട്ടാണ് റോഡില്‍ നിന്നു നാട്ടുകാര്‍ക്ക് ലഭിച്ചത്. സ്‌കൂളില്‍ നിന്നും കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍, ഒരു കിലോമീറ്റര്‍ ദൂരെ കുറ്റിവയലിലാണ് കെട്ട് വീണ നിലയില്‍ കണ്ടത്. വൈകീട്ട് 3.30 ന് പരീക്ഷ തീര്‍ന്ന ശേഷം കോഴിക്കോട് തപാല്‍ ഓഫീസില്‍ എത്തിച്ച് തപാല്‍ അയയ്ക്കാനായാണ് പേപ്പറുകള്‍ കൊണ്ടു പോയത്. പ്ലാസ്റ്റിക് കവറില്‍ കൊണ്ടുപോയ എല്ലാ ഉത്തരപേപ്പറുകളും റോഡില്‍ വീണിരുന്നു. ഇക്കാര്യമറിയാതെ ജീവനക്കാരന്‍ യാത്ര തുടരുകയായിരുന്നു.

ഉത്തരക്കടലാസ് കെട്ട് ലഭിച്ചയാള്‍ ഉടന്‍ ഫോണ്‍ വഴി സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു . തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരപേപ്പറുകള്‍ സ്‌കൂളില്‍ എത്തിച്ചു. ഉത്തരക്കടലാസ്സു കെട്ടിന്റെ സീലുകളൊന്നും പൊട്ടിച്ചിരുന്നില്ല. തുടര്‍ന്ന് ഡി.ഡി.ഇ എത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ജീവനക്കാരനെ പരീക്ഷ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *