കോഴിക്കോട്:
ഭക്ഷണവും ചികിത്സയും ലഭിക്കാതെ വൈദ്യുതിയില്ലാത്ത വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭാസ്‌കരനെ അംഗീകൃത വൃദ്ധസദനത്തില്‍ പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സാമൂഹികനീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹൻദാസ് ഉത്തരവു നല്‍കിയത്. കൊയിലാണ്ടി ഉള്ളിയേരി എനമ്പിലാശ്ശേരി സ്വദേശി ഭാസ്‌കരനെ പുനരധിവസിപ്പിക്കാനാണ് ഉത്തരവ്.
73 വയസ്സുള്ള ഭാസ്‌ക്കരന്‍ 50 വര്‍ഷമായി മാനസിക വിഷമത്തില്‍ കഴിയുകയാണ്. അച്ഛനും അമ്മയും ഇല്ല. കമ്മീഷന്‍, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ഭാസ്‌കരന്‍ ഒറ്റയ്ക്കാണു താമസിക്കുന്നതെന്നും, വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം, സഹോദരന്‍ വിഛേദിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അവിവാഹിതനായ ഭാസ്‌കരൻ, സഹോദരങ്ങളാല്‍ അവഗണിക്കപ്പെട്ട് കഴിയുകയാണ്. മറ്റു കുടുംബാംഗങ്ങള്‍ ഭക്ഷണം എത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി വീടു പരിശോധിക്കുമ്പോള്‍ യാതൊരു ഭക്ഷണസാധനങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല.
കോഴിക്കോട് സാമൂഹിക നീതി ഓഫീസറും കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഭാസ്‌ക്കരന്‍ താമസിക്കുന്ന വീടും പരിസരവും പരിശോധിച്ചു. പരാതിയിലെ ആരോപണം യാഥാര്‍ത്ഥ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാസ്‌കരന്‍ വര്‍ഷങ്ങളായി വീട്ടിലും നാട്ടിലും ഒറ്റയ്ക്കു കഴിയുകയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചികിത്സയും ഭക്ഷണവും ലഭിക്കാതെ ഭാസ്‌കരന്റെ മാനസികാരോഗ്യത്തിനും കോട്ടം സംഭവിച്ചതായി കമ്മീഷന്‍ നിരീക്ഷിച്ചു.