Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ ദല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. സീറ്റ് ധാരണ ചര്‍ച്ച ചെയ്‌തെന്നും ഒന്നിലും ആശങ്കയില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ  നേതൃത്വത്തില്‍ ഒരു ദിവസം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിലാണ് സീറ്റു വിഭജനത്തില്‍ ധാരണയായത്.

40 ലോക്‌സഭാ സീറ്റാണ് ബീഹാറിലുള്ളത്. എന്‍.ഡി.എ വിട്ട് സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് നാലും, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍.ജെ.ഡി എന്നിവക്ക് ഒരു സീറ്റും വീതം നല്‍കാനാണ് ധാരണ. ശേഷിക്കുന്ന സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കും. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വളരെപ്പെട്ടെന്ന് ഉണ്ടായേക്കും. ഏപ്രില്‍ 11 നാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ്. ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.

അതേസമയം ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള ആര്‍.ജെ.ഡിയുടെ ക്ഷണം നിരസിച്ച് ബി.എസ്.പി രംഗത്ത് വന്നു. ബീഹാറിലെ 40 സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ആര്‍.ജെ.ഡിയുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ ബി.എസ്.പി എത്തിയത്. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ന്ന യോഗത്തിലാണ് ബീഹാറില്‍ ആര്‍.ജെ.ഡിയുമായി സഖ്യം വേണ്ടെന്ന നിലപാട് പാര്‍ട്ടി കൈക്കൊണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *