പാലക്കാട്:
വേനല്‍ കനത്തതോടെ സംസ്ഥാനത്ത് രാസ വസ്തുക്കള്‍ ചേര്‍ത്ത ശീതള പാനീയങ്ങളുടെ വില്‍പന വര്‍ദ്ധിച്ചു. രുചി കൂട്ടാനും കളര്‍ ലഭിക്കാനുമായാണ് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. വേനല്‍ക്കാലത്ത് സംസ്ഥാനത്തുടനീളമുള്ള വഴിയോര കച്ചവടക്കാരില്‍ പലരും ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വഴിയോരങ്ങളില്‍ നേരത്തെ ജ്യൂസാക്കി ഫ്രീസറില്‍ വച്ച് വില്‍ക്കുന്നവയാണ് കൂടുതല്‍ അപകടകാരി.
ഇവ പലതും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്. ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികള്‍, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കേണ്ടതാണ്. പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാത്തതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. റോഡരികിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലരും ജ്യൂസിനായി ഉപയോഗിക്കുന്നത്. ദിനം പ്രതി അയ്യായിരത്തോളം രൂപയുടെ കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ ഗുണനിലവാരമില്ലാത്തതും.
പാതയോരങ്ങളിലെ ജ്യൂസ് വില്‍പന കേന്ദ്രങ്ങളില്‍ 95 ശതമാനവും അനധികൃതമാണ്. കുലുക്കി സര്‍ബത്ത്, കരിമ്പ്, തണ്ണിമത്തന്‍ ജ്യൂസ്, സംഭാരം വില്‍പന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി സ്റ്റാളുകള്‍ നഗരത്തിലും ഗ്രാമീണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തണ്ണിമത്തന്‍ ജ്യൂസുകളില്‍ രുചി വര്‍ധിപ്പിക്കാനായി സൂപ്പര്‍ ഗ്ലോ എന്ന രാസവസ്തു ചേര്‍ക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാന്‍ സാക്കറിന്‍, ഡെല്‍സിന്‍ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാല്‍ ഇരട്ടി മധുരവും അല്‍പം ലഹരിയും ഇതിനുണ്ടാകും.
പൊടിരൂപത്തില്‍ ലഭ്യമാകുന്ന ഇവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് ഇതിന്റെ പ്രധാന വിപണന കേന്ദ്രം. ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെടാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്രഷ് ജ്യൂസില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കരുത്, ജ്യൂസ് ഉണ്ടാക്കുന്നവർ കൈയുറകള്‍ ധരിക്കണം, ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കരുത്, പഴങ്ങള്‍ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം, നേരത്തേ തയ്യാറാക്കി വച്ച ജ്യൂസുകള്‍ വില്‍പ്പന നടത്തരുത്, തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ പാടില്ല, എഫ്.എസ്.എസ്.എ.ഐ റജിസ്‌ട്രേഷന്‍ നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണം, സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ചേര്‍ക്കുന്ന എസ്സന്‍സ്, സിറപ്പ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്ല് സൂക്ഷിക്കണം എന്നിവയാണ് ആരോഗ്യവകുപ്പു നല്‍കുന്ന നിര്‍ദ്ദേശങ്ങൾ.