Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം 1966 ജനുവരി 19 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ ഇന്ദിര യുഗം എന്ന്‍ വിശേഷിപ്പിക്കാവുന്ന തരത്തില്‍ അവര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു എന്ന് പറയാം. ആധുനിക ചരിത്രത്തിലെ തന്നെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിരയ്ക്കു ശേഷം മറ്റൊരു വനിതാ സാന്നിദ്ധ്യവും ഇന്ന് വരെ പ്രധാനമന്ത്രി പദത്തിലെത്തിയിട്ടില്ല. ഇന്ദിരയ്ക്കു ശേഷം വീണ്ടുമൊരു വനിതാ പ്രധാനമന്ത്രി രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന തരത്തിലാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞ്‌ വരുന്നത്.

ഇന്ദിരയ്ക്കു ശേഷം ഇനിയാര് എന്ന ചോദ്യത്തിന് സോണിയ ഗാന്ധിയും ജയലളിതയും ഉള്‍പ്പടെ നിരവധി പേരുകള്‍ മുന്‍പ് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ മായാവതിയും മമത ബാനര്‍ജിയുമാണ് നിലവില്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിക്കാവുന്ന തരത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു വനിതകള്‍.

ബംഗാളിന്റെ ദീദി രാജ്യം ഭരിക്കുമോ?

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടത്താനിരുന്ന രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചതിനു പിന്നാലെ, മമത ബാനര്‍ജിയെ ഏകാധിപതിയെന്ന് പേരുകേട്ട നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി താരതമ്യപ്പെടുത്തിയായിരുന്നു മുതിര്‍ന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് രംഗത്തു വന്നത്. രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമില്ലാത്ത ഏക സംസ്ഥാനമാണ് ബംഗാള്‍ എന്നും, ബംഗാളിലെ കിം ജോങ്ങ് ഉന്‍ ആകാനാണ് മമത ശ്രമിക്കുന്നത് എന്നുമാണ് ഗിരിരാജ് സിംഗ് പറഞ്ഞത്. ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവിന് ഇത്തരത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടി വരുന്നെങ്കില്‍ അതു വ്യക്തമാക്കുന്നത്, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെയും അവരുടെ നേതൃത്വത്തെയും, ബംഗാളിന്റെ ദീദി, മമത ബാനര്‍ജി അത്ര മാത്രം അസ്വസ്ഥമാക്കുന്നുണ്ട് എന്നതു തന്നെയാണ്.

1999-ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയ ചരിത്രം ഉണ്ടെങ്കില്‍ക്കൂടി രാജ്യത്ത് ഇന്നു നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ മമതയോളം കടുത്ത ഭാഷയില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന മറ്റൊരു നേതാവ് ഇല്ല എന്നു തന്നെ പറയാം. 1997-ൽ പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചതു മുതലിങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തി ആകുന്ന തരത്തിലുള്ള ദീദിയുടെ വളര്‍ച്ച അതാണ്‌ വ്യക്തമാക്കുന്നത്.

കേന്ദ്രത്തെ നേരിട്ട് വെല്ലുവിളിച്ച്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തുമ്പോള്‍ ബി.ജെ.പിക്ക് മാത്രമല്ല ആശങ്ക. ബി.ജെ.പി വിരുദ്ധതയുടെ കേന്ദ്രബിന്ദുവായി മമത മാറുന്നത് കോണ്‍ഗ്രസ്സടക്കം പല പ്രതിപക്ഷകക്ഷികളും ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ തന്നെ പാഠം പഠിപ്പിക്കാന്‍ സി.ബി.ഐയെ നിയോഗിച്ച കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചു കൊണ്ടാണ് പൊടുന്നനെ മമത ബാനര്‍ജി രാജ്യത്തെ രാഷ്ട്രീയചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയത്.

ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസും നരേന്ദ്ര മോദിക്ക് പകരം രാഹുല്‍ ഗാന്ധിയുമെന്ന സമവാക്യത്തെ ഒരിക്കലും അംഗീകരിക്കാത്ത നേതാവാണ്‌ മമത ബാനര്‍ജി. പ്രതിപക്ഷകക്ഷികളുടെ ഐക്യനിരയ്ക്ക് നേതൃത്വം വഹിക്കാന്‍ തനിക്കാവുമെന്ന പ്രത്യക്ഷ സൂചനകള്‍ക്കൊടുവിലാണ് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും തെരുവില്‍ മുഖത്തോട് മുഖം നേരിടാന്‍ മമത ധൈര്യം കാട്ടിയത്. സി.പി.എം ഏതാണ്ട് അപ്രസക്തമായ ബംഗാള്‍ പിടിച്ചെടുക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ ശ്രമമെന്നും മമതക്ക് ബോധ്യമുണ്ട്.

നാല്‍പത്തിരണ്ട് സീറ്റുകളാണ് ബംഗാളില്‍ നിന്ന് ലോക്സഭയിലേക്കുള്ളത്. 42 സീറ്റിലും ഒറ്റക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകളില്‍ 90 ശതമാനവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് മമതയുടെ പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേടിയത്. ബംഗാളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന സി.പി.എം-കോണ്‍ഗ്രസ്സ് ധാരണയും ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യവും മറികടന്ന് എത്ര സീറ്റ് നേടാന്‍ മമതക്ക് കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവരുടെ വിലപേശല്‍. സീറ്റുകള്‍ കുറഞ്ഞാല്‍ മമതയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകും.

പൊതുതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്താല്‍ മമത, പ്രധാനമന്ത്രി പദത്തിന് അവകാശവാദമുന്നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗാളിലെ സി.പി.എമ്മിനെ നിലംപരിശാക്കിയ തനിക്കാണ് ബി.ജെ.പിയെ നേരിടാന്‍ കരുത്തുളളതെന്ന് തെളിയിക്കാന്‍ ദീദി കളി തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ്സടക്കമുളള കക്ഷികള്‍ക്ക് സൂക്ഷിക്കേണ്ടി വരും. ഒരുപക്ഷെ, മനസ്സോടെയോ അല്ലാതെയോ കോണ്‍ഗ്രസ്സുള്‍പ്പെടെ എല്ലാ ബി.ജെ.പി വിരുദ്ധപാര്‍ട്ടികളും മമതക്ക് പിന്തുണയറിയിക്കാന്‍ നിര്‍ബന്ധിതരാവേണ്ടിയും വരും.

രാജ്യത്തെ ആദ്യ ദളിത് പ്രധാനമന്ത്രിയാകാനൊരുങ്ങി മായാവതി

‘ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതമെന്ന്’ മുൻ പ്രധാനമന്ത്രി നരസിംഹ റാവു വിശേഷിപ്പിച്ച ആളാണ്‌ മായാവതി നൈന കുമാരി എന്ന മായാവതി. വിലപേശൽ രാഷ്ട്രീയത്തിൽ മായാവതിയെ മറികടക്കാൻ മറ്റാർക്കുമാവില്ല. നാലു തവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ മായാവതിക്ക് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും നേടാനായില്ലെങ്കിലും, അന്നും 20 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. 35 വർഷത്തെ രാഷ്ട്രീയ വൈരം അവസാനിപ്പിച്ച് ഇത്തവണ എസ്പിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുമ്പോള്‍ മായാവതി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ കുറഞ്ഞ ഒന്നുമല്ല.

ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ ദളിത് വനിതയാണ് മായാവതി. 1995 ൽ അഞ്ചു മാസം യു.പിയുടെ മുഖ്യമന്ത്രിയായത് ബി.ജെ.പിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ആയിരുന്നു. 1997 ൽ വീണ്ടും ആറുമാസത്തേക്ക് മുഖ്യമന്ത്രി സ്ഥാനത്തെത്തി. ബി.ജെ.പിയുമായി ആറുമാസം വീതം മുഖ്യമന്ത്രിക്കസേര പങ്കിടാനായിരുന്നു ധാരണ. പക്ഷേ ആറുമാസം കഴിഞ്ഞപ്പോൾ മായാവതി പിന്തുണ പിൻവലിച്ചു. മൂന്നാം ഊഴം 2002 ലായിരുന്നു. 2003ൽ വീണ്ടും ബി.ജെ.പി. പിന്തുണയോടെ മായാവതി 16 മാസക്കാലം മുഖ്യമന്ത്രിയായി. 2007 ൽ ഒറ്റക്ക് ഭൂരിപക്ഷം നേടി മായാവതി വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ എത്തി. അഞ്ചു വർഷം പൂർത്തിയാക്കിയ ആദ്യ യു.പി. മുഖ്യമന്ത്രിയായി, അന്ന് മായാവതി പുതിയ ചരിത്രമെഴുതി.

കൗശലക്കാരിയായ രാഷ്ട്രീയ നേതാവാണ് മായാവതി. ആരോപണങ്ങളില്‍ തളരാതെ, പ്രത്യാരോപണങ്ങളും പരിഹാരവുമായി അചഞ്ചലമായി നിലനില്‍ക്കാനുള്ള കഴിവുള്ളവള്‍. നിർണ്ണായക സഖ്യങ്ങളുടെയും അപ്രതീക്ഷിതമായ പിന്മാറ്റങ്ങളുടെയും ചരിത്രം ബഹൻജിക്ക് സ്വന്തമാണ്. ഒരിക്കല്‍ ഐ.എ‌.എസ്. എന്ന സ്വപ്നവുമായി നടന്ന പഠനോത്സുകയായ പെണ്‍കുട്ടിയാണ് ഇന്നത്തെ രാഷ്ട്രീയ തന്ത്രജ്ഞയായ മായാവതി എന്ന് വിശ്വസിക്കാന്‍ ഏറെ പേര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം അവിടെത്തന്നെ നിയമത്തിനും പഠിച്ച മായാവതിക്ക്, ഒരു ബി‌.എഡ് ഡിഗ്രിയുമുണ്ട്.

‘പാവപ്പെട്ടവര്‍ക്കെതിരായ, മുതലാളിത്തത്തിന് കൂട്ടു നില്‍ക്കുന്ന മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശാന്തിയും സമാധാനവും തകര്‍ത്തു. ഇന്ത്യയിലെ സമാധാന പ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ട്. അതിനാല്‍ പുതിയ സര്‍ക്കാര്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതും ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്നതും ആയിരിക്കണം’ എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ, പ്രതികരണമെന്ന നിലക്ക് മായാവതി ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ രാഷ്ട്രീ‍യത്തിലെ തന്നെ നിര്‍ണ്ണായകമായ യു.പിയുടെ രാഷ്ട്രീയ ചിത്രം വരയ്ക്കുന്നത് ഇപ്പോൾ മായാവതിയാണ്. മായാവതിയുടെ ഏറ്റവും വലിയ അവസരവും അതാണ്, ദുർബലമായ സംഖ്യാബലമുള്ള ഒരു സഖ്യസർക്കാരിനുള്ള സാഹചര്യം വന്നാല്‍ വിലപേശൽ ശക്തി ഏറ്റവും കൂടുതലുള്ള നേതാവായി മായാവതി മാറും. ഇത്തവണ എസ്.പിയുമായുള്ള സഖ്യം കൂടി ആവുമ്പോള്‍ മായാവതിക്ക് പ്രതീക്ഷകളും വാനോളമാണ്. യു.പിയിലെ 80 സീറ്റില്‍ 38 സീറ്റിലാണ് എസ്.പിയുമായി സഖ്യം ചേര്‍ന്ന് മായാവതി മത്സരിക്കുന്നത്. ആകെയുള്ള 80 സീറ്റില്‍ 55-60 സീറ്റുകളാണ് സഖ്യം ഉറപ്പിക്കുന്നത്. ഇതില്‍ 30 സീറ്റ് തനിച്ചു നേടാനാകുമെന്നാണ് മായാവതിയുടെ പ്രതീക്ഷ. തൂക്ക് സഭയുണ്ടായാല്‍ രാജ്യത്തെ ആദ്യത്തെ ദലിത് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണവര്‍.

പ്രാദേശിക പാര്‍ട്ടികള്‍ കളം മാറ്റി ചവിട്ടുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഉണ്ടാകുന്ന നഷ്ടം നേട്ടമാക്കാനാണ് മമത ബാനര്‍ജിയുടെയും നീക്കം. ഒരിക്കല്‍ കൂടി 30 ല്‍ ഏറെ സീറ്റുകള്‍ ബംഗാളില്‍ നിന്നും തൃണമൂലിനു ലഭിക്കുമെന്നതാണ് ദീദിയുടെ പ്രതീക്ഷ. വ്യക്തിപരമായി അടുപ്പമുള്ള അരവിന്ദ് കെജ്‌രിവാള്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ മമതയുടെ പേര് മുന്നോട്ട് വയ്ക്കാനുള്ള സാധ്യതയും ഉണ്ട്. ബി.ജെ.പിയെ പുറത്തു നിര്‍ത്താന്‍ മമതയെ ആയാലും, മായാവതിയെയായാലും പിന്തുണക്കാന്‍ കോണ്‍ഗ്രസ്സ് എന്തായാലും നിര്‍ബന്ധിതമാകും. ഈ സാഹചര്യം മുന്നില്‍ക്കണ്ട് ഒഴിവാക്കാനും പരമാവധി സീറ്റുകള്‍ നേടി യു.പി.എക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസ്സ് യു.പിയില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാകുന്നതും.

കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ കക്ഷികള്‍ 125 സീറ്റുകള്‍ നേടുകയും യു.പി.എക്ക് 150 സീറ്റുകള്‍ ലഭ്യമാകുകയും ചെയ്താല്‍ മൂന്നാം ബദലിന് സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ത്തന്നെ മമത പ്രധാനമന്ത്രിയാകാന്‍ മായാവതിയും, മായാവതി പ്രധാനമന്ത്രിയാകാന്‍ മമതയും ആഗ്രഹിക്കില്ലെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി. മമത കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ ക്ഷണമുണ്ടായിട്ടും മായാവതി പങ്കെടുത്തിരുന്നില്ല എന്നത് ബി.ജെ.പിയെ സംബന്ധിച്ച്‌ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മൂന്നാം ചേരിയില്‍ നിന്നും മായാവതി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ അപ്രതീക്ഷിത പിന്തുണയും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പോലും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നതും മായാവതിയുമായി യു. പിയില്‍ നേരത്തെയുണ്ടായിരുന്ന സഖ്യവും ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറുന്നതോടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുമെന്നും, ഈ ഘട്ടത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ കളം മാറ്റി ചവിട്ടുമെന്നുമാണ് കരുനീക്കങ്ങളില്‍ കരുത്തനായ അമിത് ഷായുടെ പാര്‍ട്ടിയുടെ പ്രതീക്ഷ.

മായാവതിയും മമതയും: ആരുടേയും മുമ്പില്‍ വഴങ്ങാത്ത പ്രകൃതം

ആരുടെയും മുമ്പില്‍ വഴങ്ങാത്ത പ്രകൃതവും, ഉയര്‍ന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്ന ഇന്ദിരയുടെ അതേ സവിശേഷതകള്‍ കൈമോശം വരാതെ സൂക്ഷിക്കുന്നവരാണ് മമതയും മായാവതിയും. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇവരില്‍ ഏത് വനിത ആയിരിക്കും നിര്‍ണ്ണായകമാവുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടാണ് മമതയും മായാവതിയും ഒരുപോലെ കരുക്കള്‍ നീക്കുന്നത്. യു.പി.എക്കും എന്‍.ഡി.എക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *