#ദിനസരികള് 695
2. ജി.എസ്.പി.സിയുടെ ഇരുപതിനായിരം കോടിയും വോട്ടിംഗ് മെഷീനും
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 20000 കോടിരൂപയുടെ ജി.എസ്.പി.സി അഴിമതി നടക്കുന്നത്. വാതക ഖനനത്തിനും പര്യവേക്ഷണങ്ങള്‍ക്കുമായി 1979 ലാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്ന കൃഷ്ണ – ഗോദാവരി തടത്തില്‍ അവര്‍ വാതക പര്യവേക്ഷണം നടത്തുന്നു. 2005 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഈ പ്രദേശത്ത് വലിയ തോതില്‍ വാതക നിക്ഷേപമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. 20 ട്രില്യന്‍ ക്യൂബിക് അടിയുടെ നിക്ഷേപം കണ്ടെത്തിയെന്നാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. മാത്രവുമല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയ വാതക ഖനനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമുണ്ടെന്നതുകൊണ്ട് വിവിധ ബാങ്കുകളെ കോര്‍പറേഷന്‍ സമീപിക്കുകയും മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുത്തുകൊണ്ട് ബാങ്കുകള്‍ വന്‍തുകകള്‍ വായ്പയായി അനുവദിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഖനനം ആരംഭിച്ച് പത്തുകൊല്ലത്തിനു ശേഷം, ചെറിയ തോതില്‍ പോലും പ്രസ്തുത പ്രദേശത്ത് വാതകം കണ്ടെത്താന്‍ കഴിയാഞ്ഞതോടെ, മോദിയുടെ അവകാശവാദങ്ങള്‍ നുണയായിരുന്നുവെന്ന് തെളിഞ്ഞു. ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് വന്‍തുക വായ്പയായി അനുവദിക്കാനുള്ള നീക്കങ്ങള്‍ മാത്രമായിരുന്നു മോദി നടത്തിയത്. ഖനനത്തിന്റെ പേരില്‍ ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന സി.എ.ജി. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കോര്‍പ്പറേഷന്റെ മറവില്‍ നടത്തിയ വലിയ ഒരു അഴിമതിയാണ് തുറന്നു കാട്ടപ്പെട്ടത്. വിഷയം ഇരുസഭകളിലും സജീവമായ ചര്‍ച്ചക്കു വന്നുവെങ്കിലും, ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാതെ പതിവുപോലെ സര്‍ക്കാര്‍ ഒളിച്ചു കളിച്ചു. ഇരുപതിനായിരം കോടി യാതൊരു ധാരണയുമില്ലാതെ കമ്പനി കളഞ്ഞുകുളിച്ചു എന്ന് സി.എ.ജി. കണ്ടെത്തയിട്ടും ഫലപ്രദമായി ഒരന്വേഷണമെന്ന ആവശ്യത്തോടുപോലും സഹകരിക്കാന്‍ നരേന്ദ്രമോദി നാളിതുവരെ തയ്യാറായില്ലെന്നത് ഒരു ജനത എന്ന നിലയില്‍ നമ്മെ ഞെട്ടിക്കുന്നതാണ്.
എന്നാല്‍, ഇത് കേവലം അഴിമതിയെ മാത്രം സംബന്ധിക്കുന്ന ഒരു വിഷയമല്ലെന്നാണ് പിന്നാലെ വന്ന വെളിപ്പെടുത്തലുകള്‍ പറയുന്നത്. ജി.എസ്.പി.സിയുടെ സാങ്കേതിക പങ്കാളി, ജിയോ ഗ്ലോബല്‍ റിസോഴ്സ് എന്ന കടലാസു കമ്പനിയായിരുന്നു. യാതൊരു വിധ മുന്‍പരിചയുമില്ലാത്ത ഈ കമ്പനിയാണ് കോര്‍പറേഷനു വേണ്ടി ഖനനത്തിന് ഇറങ്ങിയത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും വലിയ ഒരു പ്രൊജക്ടിന്റെ പങ്കാളിത്തം മേഖലയുമായി ഒരു ധാരണയുമില്ലാത്ത ഇത്തരമൊരു കമ്പനിക്ക് അനുവദിച്ചുകൊടുത്തത് എന്ന ചോദ്യം മറ്റു ചോദ്യങ്ങളെന്നപോലെ തന്നെ ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഇവിടെയാണ് ഏറെ വിവാദമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ കൂടി രംഗത്തു വരുന്നത്. ഇരുപതിനായിരം കോടി രൂപയുടെ ഭൂരിപക്ഷവും പങ്കു പറ്റിയ ജിയോ ഗ്ലോബല്‍ റിസോഴ്സ് കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മൈക്രോചിപ് ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനമാണ് നമ്മുടെ വോട്ടിംഗ് മെഷീനുകളിലെ ചിപ് നിര്‍മ്മിക്കുന്നതെന്ന വിവരമാണ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിരിക്കുന്നത്.
ബി.ജെ.പി ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇ.വി.എമ്മില്‍ നടത്തപ്പെടുന്ന തിരിമറികളെക്കുറിച്ച് ആശങ്കപ്പെട്ടിട്ടുള്ളതാണല്ലോ. വോട്ടിംഗ് മെഷീനില്‍, ഇലക്ഷന്‍ നടക്കുന്ന സമയത്തു ആവശ്യത്തിനു തിരിമറി നടത്താന്‍ കഴിയുമെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
എത്ര സമര്‍ത്ഥമായാണ് ഓരോന്നും നരേന്ദ്രമോദി ബന്ധപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കുക. ഇല്ലാത്ത വാതക ഖനനത്തിന് വിവിധ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപ അനുവദിച്ചെടുക്കുക.എന്നിട്ട് അതിനുമുമ്പ് ഖനന മേഖലയുമായി യാതൊരു വിധ ബന്ധവുമില്ലാത്ത, 2005 ല്‍ മോദി നടത്തിയ പത്രസമ്മേളനത്തിനു തൊട്ടു മുമ്പായി രൂപീകരിക്കപ്പട്ട ഒരു കമ്പനിയെ ഒരു മാനദണ്ഡവും പാലിക്കാതെ വളരെ രഹസ്യമായി സാങ്കേതിക സഹായിയായി നിശ്ചിയിക്കുക. ആ സഹായിയുടെ മാതൃകമ്പനിയായ കാനഡ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഗ്ലോബല്‍ റിസോഴ്സ് ഇന്‍കോര്‍പറേറ്റഡ് എന്ന കമ്പനിയുടെ മറ്റൊരു വിഭാഗമായ മൈക്രോചിപ് ഇന്‍കോ. എന്ന കമ്പനി ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ചിപ്പുകള്‍ നിര്‍മ്മിക്കുക. വളരെ കൃത്യവും വ്യക്തവുമായി പ്ലാനിംഗിലൂടെയാണ് മോദി തന്റെ ജനകീയ അടിത്തറയെ വോട്ടിംഗ് മെഷീനുകളിലൂടെ സ്ഥാപിച്ചെടുക്കുന്നത്.
കേവലം ഇരുപതിനായിരം കോടിയുടെ അഴിമതിയായ ജി.എസ്.പി.സിയുടെ ഖനനം മാത്രമല്ല ഇവിടെ പ്രശ്നം. അവര്‍ ഇന്ത്യയൊട്ടാകെ കുഴിച്ചു മാന്തിയെടുക്കുകയാണ്. ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത വിധത്തില്‍ ജനാധിപത്യ ഇന്ത്യയെ എന്നന്നേക്കുമായി തലകീഴായി നിറുത്തുകയാണ് മോദി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.