Mon. Dec 23rd, 2024
കൊച്ചി:

ലോകത്തിലെ ഏറ്റവും വലിയ “ഡ്രീം ക്യാച്ചര്‍” കൊച്ചിയില്‍ ഒരുക്കി, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ തയ്യാറെടുക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ലൂക്ക എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സമീപകാലത്ത് വളരെയധികം പ്രചാരം നേടിയ പരമ്പരാഗത അമേരിക്കൻ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുക്കുവാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത് .

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതക്കളായ ‘സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍സും’ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ “കക്കാ ആര്‍ട്ടിസാന്‍സും” ചേര്‍ന്നാണു ലൂക്ക എന്ന ചിത്രത്തിനു വേണ്ടി ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ചു കലാകാരന്മാരും പതിനഞ്ചോളം വോളന്റിയേഴ്സും ചേര്‍ന്നാണു 37 അടി വലുപ്പമുള്ള ഈ ഭീമാകാരനെ മൂന്നു ദിവസങ്ങള്‍ കൊണ്ട് ഒരുക്കുന്നത്. പൈന്‍ മരത്തടിയും, പരുത്തി നൂലും, തൂവലുകളുംകൊണ്ടു നിര്‍മ്മിക്കുന്ന ഈ ഡ്രീം ക്യാച്ചര്‍ പൂര്‍ത്തിയാക്കുമ്പോള്‍ നിലവില്‍ ഈ വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലിത്വാനിയന്‍ ശില്പി, വ്ലാഡിമര്‍ പരാനിന്റെ 33 അടിയുടെ റിക്കോര്‍ഡ് അനീസിനും സംഘത്തിനും സ്വന്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഗോകുല്‍ നാഥ് ജി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിനു വേണ്ടി നവാഗതനായ നിമിഷ് രവിയാണു ക്യാമറ ചലിപ്പിക്കുന്നത്എ. ഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ്. കുറുപ്പാണു ചിത്രത്തിനു വേണ്ട ഗാനങ്ങള്‍ ഒരുക്കുന്നത്. ടൊവീനോ തോമസിനൊപ്പം അഹാന കൃഷ്ണ, നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ലൂക്ക ജുലൈ മാസത്തോടെ തീയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *