അഹമ്മദാബാദ്:
ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത് ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും പട്ടേലിന്റെ കോൺഗ്രസ് പ്രവേശം എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 12 ന് കോൺഗ്രസ്സിൽ ചേരുമെന്ന്, ഹാർദിക് പട്ടേൽ, ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.
പ്രക്ഷോഭം നടത്താൻ ശ്രമിച്ചു എന്ന പേരിൽ പട്ടേലിനെതിരെ നിലനിൽക്കുന്ന കേസുകൾ വിലങ്ങുതടിയാവില്ലെങ്കിൽ, വരുന്ന പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്നും സൂചനകളുമുണ്ട്.
തന്റെ ഉദ്ദേശങ്ങൾക്ക് രൂപം നൽകാനും, സമൂഹത്തെയും രാജ്യത്തെയും സേവിക്കാനും, രാഹുൽ ഗാന്ധിയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ, മാർച്ച് 12 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്ന് മാർച്ച് 10 ന്, പട്ടേൽ തന്റെ ട്വിറ്ററിൽ കുറിച്ചിരുന്നു.
നിയമപരമായ തടസ്സങ്ങൾ ഇല്ലെങ്കിൽ, പാർട്ടി തീരുമാനിക്കുകയാണെങ്കിൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും, രാജ്യത്തെ 125 കോടി ജനങ്ങളെ സേവിക്കാനാണ് താൻ ഈ ചുവടു വയ്ക്കുന്നതെന്നും പട്ടേൽ ട്വിറ്ററിൽ പറഞ്ഞിരുന്നു.
2015 ൽ പട്ടേൽ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു വർഷത്തെ തടവിന് ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടിരുന്നു. ജയിൽ വാസം, കോടതി സ്റ്റേ ചെയ്തിരുന്നു എങ്കിലും ശിക്ഷാവിധി നിലനിൽക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഉള്ള അയോഗ്യതയാണ്.