Mon. Dec 23rd, 2024
കോഴിക്കോട്:

വേനല്‍ കടുത്തതോടെ ചെറു മീന്‍ അടക്കമുള്ള മീനുകളുടെ ലഭ്യത കുറഞ്ഞു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി.
കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകല്‍ സമയത്ത് കടലില്‍ ശക്തമായ ചൂട് അനുഭവപ്പെടുന്നതും തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. വള്ളങ്ങള്‍, ചെറുതോണികള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ മത്സ്യ ബന്ധനം നടത്തുന്നവര്‍ക്ക് ചൂടും മത്സ്യ ലഭ്യതക്കുറവും തിരിച്ചടിയാവുകയാണ്. കടുത്ത ചൂടു കാരണം തോണി നങ്കൂരമിട്ടു വല വിരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വളരെയധികം പ്രയാസം അനുഭവപ്പെടുന്നുണ്ട്. സൂര്യാഘാത സാദ്ധ്യതകള്‍ വകവെയ്ക്കാതെ കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും വെറും കയ്യോടെ മടങ്ങേണ്ടി വരുന്നതായും തൊഴിലാളികള്‍ പറഞ്ഞു.

സാധാരണയായി ലഭിക്കാറുള്ള അയല, മത്തി, ചെമ്മീന്‍, മാന്തള്‍, ചെമ്പാന്‍ ഉള്‍പ്പെടെയുള്ള മീനുകളുടെ ലഭ്യതയടക്കം വളരെയധികം കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം കടലിന്റെ അടിത്തട്ടില്‍ അനുഭവപ്പെടുന്ന മര്‍ദ്ദ വ്യത്യാസത്തെത്തുടര്‍ന്ന് ഒഴുക്കിലുള്ള ദിശാമാറ്റവും ആഴക്കടലില്‍ വെള്ളം ചൂടാകുന്നത് കാരണം മത്സ്യങ്ങള്‍ മറ്റു ഇടങ്ങളിലേക്ക് പോകുന്നതും മത്സ്യ ലഭ്യത കുറയ്ക്കാന്‍ കാരണമായി. അതേസമയം, ഡബിള്‍ നെറ്റ് ഉപയോഗിച്ച് ചെറിയ മത്സ്യക്കുഞ്ഞുങ്ങളെയടക്കം പിടിക്കുന്നതും ഇവയുടെ ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.

മത്സ്യ ലഭ്യത കുറഞ്ഞതോടെ മാര്‍ക്കറ്റില്‍ ഇവയുടെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്തി 140 മുതല്‍ 160 വരെ രൂപയ്ക്കാണ് വില്‍പന. അയല 180 മുതല്‍ 200 വരെ, ചെമ്മീന്‍ ചെറുത് 200 മുതല്‍ക്കും വലുത് 450 വരെയും മാന്തള്‍ 150 രൂപ വരെയുമാണ് വില്‍പന. മംഗളൂരു, ഗോവ, തൂത്തുക്കുടി, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് മാര്‍ക്കറ്റില്‍ ഇപ്പോള്‍ കൂടുതല്‍ മീനുകളെത്തുന്നത്. മീനിന്റെ വില വര്‍ദ്ധനയ്ക്ക് ഇതും കാരണമായതായി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന കുഞ്ഞിക്കോയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *