ന്യൂഡല്‍ഹി
സോഷ്യല്‍മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് ചെലവാക്കുന്ന തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
സാമൂഹികമാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്ന മുഴുവന്‍ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ സൈറ്റുകളില്‍നിന്ന് ഉടന്‍ മാറ്റണമെന്നും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരണ പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കുന്നതിനായി ഗ്രീവന്‍സ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറായോ പോസ്റ്ററുകളിലോ പതിപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.