ദമ്മാം:
സൗദിയിൽ പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി പരിസ്ഥിതി–ജല – കൃഷി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക്, മക്ക എന്നീ ആറു പ്രവിശ്യകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 4,527 ബോട്ടുകൾക്ക് ഒരേസമയം മത്സ്യബന്ധനം നടത്തുന്നതിന് നിർദ്ദിഷ്ട പദ്ധതി വഴി സൗകര്യമൊരുങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.1,220 പേർക്ക് നേരിട്ട് ജോലി ലഭ്യമാക്കാൻ പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രാലയം അവകാശപ്പെട്ടു.
ഹോട്ടലുകൾ, കഫേകൾ റിസോർട്ടുകൾ തുടങ്ങി അനുബന്ധ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതുതായി നിർമിക്കുന്ന മത്സ്യബന്ധന കേന്ദ്രങ്ങൾ കാരണമാകും. സ്വകാര്യമേഖലയെ സഹകരിപ്പിച്ച് വിനോദ സഞ്ചാര, ഉല്ലാസ കേന്ദ്രങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സാധ്യതയും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
ഇതിനോടകം ആറു മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ജിസാനിൽ 384 മത്സ്യബോട്ടുകൾക്ക് ബോട്ടുകളെ ഉൾക്കൊള്ളുന്ന ഖൗർ ഫുർസാൻ, അൽമദായ, കിഴക്കൻ പ്രവിശ്യയിൽ ഖത്തീഫ്, അൽസൗർ, മദീനയിൽ അസീസിയ, അൽറയ്‌സ് എന്നിവയാണ് നിർമ്മാണം പൂർത്തിയായ ആറു മത്സ്യബന്ധന കേന്ദ്രങ്ങൾ.
കിഴക്കൻ പ്രവിശ്യയിൽ 556 ചെറിയ ബോട്ടുകൾക്കും 192 വലിയ ബോട്ടുകൾക്കും മത്സ്യബന്ധനം നടത്താൻ സാധിക്കും. 729 ബോട്ടുകളെ ഉൾകൊള്ളാൻ ശേഷിയുള്ള തുറമുഖങ്ങളാണ് മദീനയിൽ സജ്ജമാക്കിയത്.
മക്കാ പ്രവിശ്യയിൽ 236 ബോട്ടുകളെ ഉൾക്കൊള്ളുന്ന അൽലെയ്ത്ത്, കിഴക്കൻ പ്രവിശ്യയിൽ 202 ബോട്ടുകൾക്ക് പര്യാപ്തമായ അൽഖോബാർ, തബൂക്കിൽ 1250 ചെറുകിട ബോട്ടുകൾക്കും 48 വലിയ ബോട്ടുകൾക്കും മത്സ്യബന്ധനം നടത്താൻ ശേഷിയുള്ള ഉംലജ്, അൽഖാദ്, മദീനയിൽ 200 ബോട്ടുകളെ ഉൾകൊള്ളുന്ന മിഖ്‌റഫ് പോർട്ട്, അസീറിൽ 192 ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയുന്ന അൽഖഹ്മ പോർട്ട് എന്നിവയാണ് നിർമാണത്തിലിരിക്കുന്ന തുറമുഖ പദ്ധതികൾ.
മത്സ്യബന്ധന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ജല കൃഷി മെച്ചപ്പെടുത്തുന്നതിനും ഗോഡൗൺ, ഇന്ധന സ്റ്റേഷൻ, വർക്‌ഷോപ്പ്, കോൾഡ് സ്റ്റോറേജ് ഫാക്ടറികൾ എന്നിവ സ്ഥാപിക്കുന്നത് ഉൾപ്പെടെ പശ്ചാതല സൗകര്യം വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ഇതിന് പുറമെ, ഓരോ തുറമുഖങ്ങളിലും നിരീക്ഷണ ഗോപുരങ്ങളും സ്ഥാപിക്കും.
മത്സ്യബന്ധന തുറമുഖങ്ങൾ വഴി ചെറുകിട, ഇടത്തരം പദ്ധതികളിൽ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി പരിസ്ഥിതി–ജല – കൃഷി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഉത്പാദനം ക്രിയാത്മകമായ രീതിയിൽ ഉയർത്തുക വഴി ദേശീയസമ്പത്‌വ്യവസ്ഥക്ക് തുറമുഖ നിർമാണം കൂടുതൽ കരുത്തേകും. വ്യക്തിഗത വരുമാനം ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഹോട്ടലുകൾക്ക് നേരിട്ട് മത്സ്യം നൽകുന്നതിന് സ്വദേശികൾക്ക് അവസരം നൽകുന്നതും പരിഗണിക്കുന്നുണ്ട്.