Mon. Dec 23rd, 2024
റിയാദ്

പതിനാറു മാസത്തിനിടെ, സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബര്‍ 14 ന് അവസാനിച്ചതിനെ തുടര്‍ന്ന്, 2017 നവംബര്‍ 15 മുതല്‍ ഈ മാസം ഏഴു വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍, 27,48,020 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും, 1,86,040 പേര്‍ നുഴഞ്ഞു കയറ്റക്കാരും, 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഇക്കാലയളവില്‍, അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിനു ശ്രമിച്ച 46,856 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 51 ശതമാനം പേര്‍ യെമനികളും 46 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിനു ശ്രമിച്ച 1954 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും, മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 3460 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ച് സൗദിയില്‍ നിന്ന് നാടുകടത്തി. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകര്‍ക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍ക്ക്, തടവും, പിഴയും നാടു കടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1129 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 1097 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 32 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

അതിനിടെ റിയാദിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഒരാഴ്ചക്കിടെ നടത്തിയ മിന്നൽ പരിശോധനകളിൽ 177 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തി. നിയമ ലംഘനങ്ങൾക്ക് 82 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ഇഖാമ, തൊഴിൽ നിയമ ലംഘകരായ ആറു വിദേശികൾ റെയ്ഡുകൾക്കിടെ പിടിയിലായി. ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു.
തലസ്ഥാന നഗരയിലെയും അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈർ എന്നിവിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

ഒരാഴ്ചക്കിടെ ആകെ 2735 സ്ഥാപനങ്ങളിലാണ് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി യൂസുഫ് അൽസയ്യാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *