Fri. Nov 22nd, 2024
തിരുവനന്തപുരം:

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾക്ക് മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി നാളെ നടക്കാനിരിക്കുന്ന കൂടിയാലോചനക്ക് ശേഷം പുറപ്പെടുവിക്കും എന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്ക റാം മീന അറിയിച്ചു.

മതത്തിന്റെയോ ജാതിയുടെയും അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചോ ഉള്ള പരാമർശങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനുവദിക്കില്ലെന്നും ടീക്ക റാം മീന പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് ഉടലെടുത്ത ക്രമസമാധാന പ്രശ്നങ്ങളും, വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത രാഷ്ട്രീയ കക്ഷികൾക്കും പൊതുജനത്തിനും ഉള്ള ഭിന്നാഭിപ്രയങ്ങൾ പരിഗണിച്ചുമാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം.

പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുടരേണ്ടുന്ന നിയമസംഹിതയാണ് പെരുമാറ്റച്ചട്ടം. വോട്ടർമാരെ ആകർഷിക്കാൻ സ്ഥാനാർത്ഥികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്ന് ഇതിൽ നിർവ്വചിക്കുന്നു. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്നും അയോഗ്യരാക്കും.

Leave a Reply

Your email address will not be published. Required fields are marked *