Sun. Nov 24th, 2024
#ദിനസരികള് 693

2014 ലെ ഇലക്ഷനില്‍ നടപ്പിലാക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയായിരുന്നുവന്നും, ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ത്തന്നെ ചിരി വരുന്നുവെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍‌ ഗഡ്കരി 2018 ല്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് നാം മറന്നിട്ടില്ലല്ലോ. ഒരു കാരണവശാലും മോദിയും കൂട്ടരും അധികാരത്തില്‍ വരില്ലെന്നായിരുന്നു ബി.ജെ.പിയുടെ നേതാക്കന്മാര്‍ ചിന്തിച്ചത്. അതുകൊണ്ടുതന്നെ ധാരാളം വാഗ്ദാനങ്ങള്‍ വാരിക്കോരി ജനങ്ങള്‍ക്ക് നല്കി. സ്വിസ് ബാങ്കുകള്‍ ഇന്ത്യയിലെ കള്ളപ്പണക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന തുക ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വന്ന് ഓരോ പൌരനും പതിനഞ്ചു ലക്ഷം രൂപ വീതം അക്കൌണ്ടുകളിലേക്ക് നല്കുമെന്നായിരുന്നു ഏറെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളിലൊന്ന്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും, പെട്രോളിന് ലിറ്ററിന് അമ്പതുരൂപയാക്കും, രാജ്യത്തു നിന്നും അഴിമതി തുടച്ചു നീക്കും അങ്ങനെയങ്ങനെ എത്രയെത്ര മനോഹരങ്ങളായ വാഗ്ദാനങ്ങളാണ് ബി.ജെ.പി. ജനതക്കു നല്കിയത്?എന്നാല്‍ അതെല്ലാം ഒരിക്കലും നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നില്ലെന്നാണ് ഇപ്പോള്‍ നിതിന്‍ ഗഡ്കരി തന്നെ സമ്മതിക്കുന്നത്. അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് എന്തു വാഗ്ദാനവും നല്കി ജനങ്ങളെ മോഹിപ്പിക്കാമല്ലോ.

മുഴുപ്പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമായ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനത, രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ കീഴിലെ അഴിമതികളും കെടുകാര്യസ്ഥതകളും കണ്ട് മനം മടുത്തിരിക്കുമ്പോഴാണ്, നരേന്ദ്ര മോദി എഴുന്നള്ളിയെത്തി വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചത്. രാജ്യത്ത് പൊന്നുവിളയിക്കുമെന്നായിരുന്നു മോദി പ്രഖ്യാപിച്ചത്. അയാളുടെ വാഗ്ചാതുരി ജനങ്ങളെ ആകര്‍ഷിച്ചു. അത് വോട്ടുകളായി. ബി.ജെ.പി. അധികാരത്തിലെത്തി. എന്നാല്‍ ഇന്ന്, അന്നു കൊടുത്തു വാഗ്ദാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ചിരിവരുന്നുണ്ടെന്ന് ഗഡ്കരി പറയുന്നു. ‘ഞങ്ങള്‍ക്ക് എന്തും പറയാമായിരുന്നു. എന്തു വാഗ്ദാനവും നല്കാമായിരുന്നു. കാരണം ഒരിക്കലും ഞങ്ങള്‍ അധികാരത്തില്‍ വരുമെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നില്ല’ – അദ്ദേഹം പറയുന്നു.

ബി.ജെ.പിയുടേയും സംഘപരിവാരത്തിന്റേയും യഥാര്‍‌ത്ഥ സ്വഭാവമാണ് ഗഡ്കരിയുടെ അഭിമുഖത്തിലൂടെ പ്രത്യക്ഷപ്പെട്ടത്. നുണകളെക്കൊണ്ട് അലങ്കരിച്ച് ആകര്‍ഷണീയമായ കോട്ട കെട്ടി ജനങ്ങളെ വശത്താക്കുന്ന കേവലം ചെപ്പടിവിദ്യക്കാര്‍ മാത്രമായി ആ പാര്‍ട്ടി അടിമുടി മാറി. അന്ന് നല്കിയ ഓരോ വാഗ്ദാനങ്ങളും ലംഘിച്ചുകൊണ്ട് നേരെ വിപരീത ദിശയില്‍ ബി.ജെ.പിയുടെ ഭരണം കുതിച്ചു കയറി. പെട്രോളിന് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തില്‍ വില കുതിച്ചു കയറി. നിത്യോപയോഗ സാധനങ്ങള്‍ക്കും, പാചകവാതകത്തിനുമെല്ലാം വില താങ്ങാവുന്നതിനപ്പുറത്തായി. പതിനഞ്ചു ലക്ഷം രൂപ നല്കാമെന്ന് പറഞ്ഞിട്ടേയില്ലെന്ന് ബി.ജെ.പിയുടെ നേതാക്കന്മാര്‍ കവലകള്‍ തോറും പ്രസംഗിച്ചു. സ്വിസ് ബാങ്കുകളിലെ കോടിക്കണക്കിനു വരുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരാന്‍ ഒരു വഴിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയില്ലെന്നു മാത്രവുമല്ല, കള്ളപ്പണക്കാരെ രാജ്യത്തു നിന്നും ആവോളം വീണ്ടും വീണ്ടും കടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്തു.

നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച സംഭവമാണ്. രാജ്യത്തു നിന്നും കള്ളപ്പണം ഇല്ലാതാക്കാനാണ് നിരോധനത്തിലൂടെ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി ശക്തിയായി വാദിച്ചു. കോടിക്കണക്കിനു രൂപ കള്ളപ്പണമാണെന്നും അവയൊന്നും റിസര്‍വ്വുബാങ്കിലേക്ക് തിരിച്ചെത്തുകയില്ലെന്നുമായിരുന്നു മോഡിയുടെ പ്രതീക്ഷ. എന്നാല്‍, ആ ധാരണകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി. രാജ്യത്ത് കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണെന്ന് അവകാശപ്പെട്ട മോദിയും കൂട്ടരും ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞ വീണു. ജനതയെ ഏറെ കഷ്ടപ്പെടുത്തിയ, അങ്കലാപ്പിലാക്കിയ, ആത്മഹത്യ ചെയ്യിച്ച നോട്ടു നിരോധനം സമ്പൂര്‍ണ പരാജയമായി മാറി. മൂന്നുലക്ഷം കോടി രൂപയെങ്കിലും കള്ളപ്പണമാണെന്നും അതൊരിക്കലും ഖജനാവിലേക്ക് തിരിച്ചു വരില്ലെന്നുമായിരുന്നു മോദി പ്രഖ്യാപിച്ചതെന്നു കൂടി നാം മറക്കാതിരിക്കുക. നോട്ടു നിരോധനത്തിന്റെ മറവില്‍ ആദ്യ ആഴ്ചയില്‍ തന്നെ ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ നയിക്കുന്ന അഹമ്മദാബാദ് കോ – ഓപ്പറേറ്റീവ് ബാങ്ക് 800 കോടിയും, ഗുജറാത്ത് മന്ത്രിസഭയിലെ ഒരു മന്ത്രി ഡയറക്ടറായ ബാങ്ക് 700 കോടി രൂപയും മാറ്റിയെടുത്തതിനു ശേഷമാണ്, കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ചു കൊണ്ട് സഹകരണ ബാങ്കുകള്‍ വഴി നോട്ടു മാറ്റിയെടുക്കാനുള്ള അനുവാദം മോദി പിന്‍വലിച്ചതെന്നുകൂടി ഓര്‍മ്മിക്കുക. നോട്ടുനിരോധനം തന്നെ വലിയ ഒരു അഴിമതിയായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീട് പുറത്തു വന്നത്.

ഭൂരിപക്ഷം വരുന്ന കര്‍ഷക ജനത അരക്ഷിതരാക്കപ്പെട്ടു. രാജ്യത്ത് ഒട്ടും വിലയില്ലാത്ത ഒന്നായി ആ വിഭാഗം മാറി. എല്ലാവഴിയും മുട്ടി ഗതികെട്ട അമ്പതിനായിരത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ലോംഗ് മാര്‍ച്ച് നടത്തി പ്രതിഷേധം അറിയിച്ചു. പൊട്ടിയൊലിക്കുന്ന കാലുകളുമായി അവര്‍ നടന്നു തീര്‍ത്ത ദൂരം സമരചരിത്രങ്ങളുടെ ഇതിഹാസശ്രേണിയിലേക്ക് പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. നിരന്തരം ആത്മഹത്യയില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ജനതയുടെ പ്രതിരോധത്തിന്റെ പുതുവഴികളായിരുന്നു ആ ലോംഗ് മാര്‍ച്ച് അന്വേഷിച്ചത്.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹിയില്‍ അണിനിരന്ന പ്രതിഷേധം അധികാരികളോടുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു. ഇരുന്നൂറില്‍പ്പരം കര്‍ഷക സംഘടനകളാണ് 2108 നവംബറിലെ ആ പ്രതിഷേധത്തില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് അണിനിരന്നത്. രാംലീല മൈതാനത്തു നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് അവര്‍ പ്രതിഷേധങ്ങള്‍ തീര്‍ത്തു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ അവര്‍ കൈകളിലെടുത്തിരുന്നു. ലോകത്തിനുമുമ്പാകെ ബി.ജെ.പിയും കൂട്ടരും കര്‍ഷകരോടു കാണിക്കുന്ന അവഗണനയെന്തെന്ന് തുറന്നു കാണിച്ചു. വില കിട്ടാതെ കരിമ്പിന്‍‌ പാടങ്ങള്‍ക്കും ചോളവയലുകള്‍ക്കു തീയിടുകയും ചെയ്യുന്ന കര്‍ഷകന്റെ കണ്ണുനീരിന്റെ കഥകള്‍ അവര്‍ പറഞ്ഞു. ലക്ഷക്കണക്കിനു ലിറ്റര്‍ പാല്‍ തെരുവിലേക്ക് ഒഴുക്കിക്കളയേണ്ടിവന്ന ദുരവസ്ഥ അവര്‍ കണ്ണുനീരില്‍ കുതിര്‍ത്തി അവതരിപ്പിച്ചു. വിളവെടുത്ത ടണ്‍ കണക്കിനു വരുന്ന തക്കാളിക്കു വിലകിട്ടാതെ ട്രാക്ടര്‍ കയറ്റിയിറക്കി കര്‍ഷകര്‍ പ്രതിഷേധിച്ചതിന്റെ കഥകള്‍ പറഞ്ഞു. കടങ്ങള്‍ എഴുതിത്തള്ളാനും, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ച് സംരക്ഷിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോദി ഭരണത്തിനു കീഴില്‍ ആവശ്യത്തിന് സമാശ്വാസങ്ങളൊന്നും തന്നെ ലഭിക്കാതെ അശാന്തമായ മനസ്സുകളുമായി കഴിഞ്ഞു കൂടാനാണ് കര്‍ഷകര്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

അന്യമതങ്ങളോടുള്ള വിദ്വേഷം, ബി.ജെ.പിയുടേയും സംഘപരിവാരത്തിന്റേയും മുഖമുദ്രയാണ്. ഇതരമതങ്ങളോട് വെറുപ്പുണ്ടാക്കിയും കലഹിച്ചുമാണ് അവര്‍ പതിയെപ്പതിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ വേരുറപ്പിച്ചത്. എന്നാല്‍ ദളിതു ജനങ്ങള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് എക്കാലത്തേയും കാള്‍ കൂടുതല്‍ ആക്രമിക്കപ്പെട്ടു. ജനസംഘം മുതല്‍ ബി.ജെ.പിയില്‍ നിലനില്ക്കുന്ന സവര്‍‌ണാധിപത്യങ്ങളുടെ പൊട്ടിപ്പുറപ്പെടലുകളായിരുന്നു ഈ ദളിതുവിരുദ്ധ കലാപങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. ആയിരക്കണക്കിനു ദളിതര്‍ ആക്രമിക്കപ്പെട്ടു. യൂണിവേഴ്സിറ്റികളിലെ ദളിതുവിദ്യാര്‍ത്ഥികള്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. പശുസംരക്ഷണത്തിന്റെ പേരില്‍ ദളിതുകളെ മൃഗീയമായി ആക്രമിച്ചു, തല്ലിക്കൊന്നു. പൊതുകിണറ്റില്‍ നിന്നും വെള്ളം കോരി എന്ന ‘കുറ്റ’ത്തിന് അവരെ സംഘപരിവാരം തല്ലിക്കൊന്നു. പ്രതിഷേധിച്ചു കൊണ്ട് ദളിതര്‍ ബുദ്ധമതത്തിലേക്കും ഇസ്ലാമിലേക്കുമൊക്കെ ചേക്കേറി.

കഴിഞ്ഞ അഞ്ചുകൊല്ലക്കാലം ഇന്ത്യ സംഘപരിവാരത്തിന്റെ ഭരണത്തിന്‍ കീഴില്‍ പിന്നോട്ടടിക്കുകയായിരുന്നു. പശു സംരക്ഷണത്തിന്റെ പേരിലും വിശ്വാസ സംരക്ഷണത്തിന്റെ പേരിലുമൊക്കെ യാതൊരു വിധ യുക്തികളുമില്ലാത്ത അപരിഷ്കൃതമായ ആചാരാനുഷ്ഠാനങ്ങള്‍ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ശാസ്ത്രബോധം തൊട്ടുതൊറിച്ചിട്ടില്ലാത്ത വിധത്തില്‍ മന്ത്രിമാരും അവരുടെ ആജ്ഞാനുവര്‍ത്തികളും ജനങ്ങളോടു സംവദിച്ചു. രാജ്യം ഓരോ ദിവസവും പിന്നോട്ടു പിന്നോട്ടു സഞ്ചരിച്ചു. സോഷ്യലിസത്തിന്റേയും മതേതരത്വത്തിന്റേയും പേരില്‍ നാം സ്വരൂക്കൂട്ടിയെടുത്ത എല്ലാ മൂല്യങ്ങളും ബലികഴിക്കപ്പെട്ടു. സ്വതന്ത്രമായ ചിന്തകളെ തടഞ്ഞുവെച്ചു. വഴങ്ങിക്കൊടുക്കാത്തവരെ വെടിവെച്ചുകൊന്നു. കല്‍ബുര്‍ഗിയും പന്‍സാരേയും ധബോല്‍ക്കറും രക്തസാക്ഷികളായി.

എല്ലാ നിയന്ത്രണങ്ങള്‍ക്കുമപ്പുറം, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിതന്നെ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്ന അവസ്ഥയുണ്ടായി. രാജ്യം പ്രതിരോധസന്നാഹങ്ങളുടെ പേരില്‍ നാളിതുവരെ കേള്‍ക്കാത്ത അഴിമതി നടത്തിയതായി തെളിവുകള്‍ പുറത്തുവന്നു. ബി.ജെ.പിയുടെ ഓരോ ഘടകവും അവരവര്‍ക്കുന്ന കഴിയുന്ന വിധത്തിലുള്ള അഴിമതികള്‍ നടത്തി. പ്രായേണ സംഘപരിവാരത്തിനു ശക്തി കുറഞ്ഞ കേരളത്തില്‍പ്പോലും പെട്രോള്‍ പമ്പു വിവാദമടക്കം നിരവധി അഴിമതികളുണ്ടായി. ബി.ജെ.പിയുടെ ഭരണത്തിന്‍ കീഴില്‍ അഴിമതിക്കു മാത്രം യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതായി. (അവസാനിക്കുന്നില്ല.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *