Thu. Jan 23rd, 2025
കണ്ണൂര്‍:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് പി. ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍, എം.വി. ജയരാജനെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തി. ഇന്ന് കണ്ണൂരില്‍ നടന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ എന്നിവര്‍ പങ്കെടുത്തു. കെ.പി. സഹദേവന്‍ അധ്യക്ഷനായി. ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ജൂലൈയിലാണ് പി. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്.

സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മറ്റിയിലെത്തിയ പി. ശശിക്ക് വടകര മണ്ഡലത്തിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. വടകര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി, വടകര നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പി. ശശിക്കു നല്‍കിയിരിക്കുന്നത്. സംസ്ഥാനകമ്മിറ്റി അംഗമായ എം. വി. ജയരാജന്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കുന്നതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പുതിയൊരാളെ നിയമിക്കും.

അവശ്യ ഘട്ടത്തില്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുകയെന്ന കീഴ് വഴക്കത്തിന് വിരുദ്ധമായാണ് പി.ജയരാജനെ മാറ്റി എം.വി ജയരാജനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുന്‍പ്, ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ജയരാജന്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ എം.വി. ജയരാജന് സെക്രട്ടറിയുടെ പകരം ചുമതല നല്കുകയായിരുന്നു ചെയ്തത്. 2011 മുതല്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച ശേഷമാണ് പി.ജയരാജന്‍ സ്ഥാനമൊഴിയുന്നത്.

ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി. ശശിയെ, കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയതിനു ശേഷമുള്ള ആദ്യ ജില്ലാ കമ്മിറ്റി യോഗം കൂടിയായിരുന്നു ഇന്നത്തേത്. 

അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി. ജയരാജന്‍ രാജിവെച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി. ജയരാജന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് പകരം പി. ശശി എത്തിയേക്കുമെന്ന് സൂചനയുണ്ട്. എ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പി. ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി. ശശിയുടെ മുന്‍ കാല പ്രവര്‍ത്തി പരിചയം പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍, ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റാണ് പി. ശശി.

Leave a Reply

Your email address will not be published. Required fields are marked *