കണ്ണൂര്‍:
കണ്ണൂരില്‍ കെ സുധാകരന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്പര്യമില്ലെന്ന് നേരത്തെ സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കുമെന്ന നിലപാടിലെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടു. മത്സരിക്കാനില്ലെന്ന കെ.സി. വേണുഗോപാലിന്‍റെ നിലപാടിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ്സിലെ പൊതുവികാരം.
സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിയാണ് കണ്ണൂരില്‍ സുധാകരന്‍റെ എതിരാളി. ഇത്തവണ തീപ്പാറുന്ന പോരാട്ടമായിരിക്കും കണ്ണൂരിലേത് എന്നാണ് സൂചനകള്‍. 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സുധാകരന്‍ 43,151 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6566 വോട്ടുകള്‍ക്ക് സുധാകരന്‍ ശ്രീമതിയോട് പരാജയപ്പെട്ടു. 1984 മുതല്‍ 1998 വരെ അഞ്ചു തവണയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച മണ്ഡലം കൂടിയാണിത്.
അതിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം.വി. ജയരാജന്‍.