മൊഹാലി:
ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കു തകർപ്പൻ വിജയം. 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 47.5 ഓവറിൽ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
പരമ്പരയില്‍ ആദ്യമായി ധവാന്‍ ഫോമിലെത്തിയപ്പോള്‍ മൊഹാലിയില്‍ മിന്നും തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്ഷമയോടെ ബാറ്റ് വീശി ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കുകയായിരുന്നു രോഹിത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 61 പന്തില്‍ ഹിറ്റ്മാന്‍ അമ്പതിലെത്തി. രോഹിതിന്റെ 40-ാം അര്‍ദ്ധ സെഞ്ചുറിയാണ് മൊഹാലിയില്‍ പിറന്നത്.16–ാം ഏകദിന സെഞ്ചുറി കുറിച്ച ധവാന്റെയും (115 പന്തിൽ 143), അർഹിച്ച സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ പുറത്തായ രോഹിത് ശർമയുടെയും (92 പന്തിൽ 95) പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്. ധവാന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ ആണിത് .ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 31 ഓവറിൽ 193 റൺസ് കൂട്ടിച്ചേർത്തു.
ലോകേഷ് രാഹുൽ (31 പന്തിൽ 26), ഋഷഭ് പന്ത് (24 പന്തിൽ 36), വിജയ് ശങ്കർ (15 പന്തിൽ 26) എന്നിവരാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (ആറു പന്തിൽ ഏഴ്), കേദാർ ജാദവ് (12 പന്തിൽ 10), ഭുവനശ്വർ കുമാർ (രണ്ടു പന്തിൽ ഒന്ന്), യുസ്‌വേന്ദ്ര ചാഹൽ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. ഓസീസിനായി പാറ്റ് കമ്മിൻസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 70 റൺസ് വഴങ്ങിയാണ് കമ്മിൻസിന്റെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്നിങ്സിലെ അവസാന പന്തു മാത്രം നേരിട്ട ജസ്പ്രീത് ബുമ്ര സിക്സ് നേടിയാണ് ഇന്ത്യൻ ഇന്നിങ്സിന് വിരാമമിട്ടത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് മോശം തുടക്കമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. ഭുവിയുടെ ഒരു ഇന്‍സ്വിങ്ങറില്‍ ഫിഞ്ചിന്റെ ലെഗ് സ്റ്റംപ് തെറിച്ചു. നാലാം ഓവറില്‍ മാര്‍ഷും പവലിയനില്‍ തിരിച്ചെത്തി. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ മാര്‍ഷിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. അതോടെ 12 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു ഓസീസ്.
എന്നാൽ അവിടെ നിന്നു പോരാട്ടം ഏറ്റെടുത്ത ഉസ്മാൻ ഖ്വാജാ – പീറ്റർ ഹാൻഡ്സ്കോംബ് സഖ്യം അവരെ വിജയവഴിയിലേക്കു നയിക്കുകയായിരുന്നു. ഇരുവരും നിലയുറപ്പിച്ചതോടെ 10.3 ഓവറിൽ ഓസീസ് 50 കടന്നു. 18.1 ഓവറിൽ 100, 25.4 ഓവറിൽ 150, 32.5 വറിൽ 200 എന്നിങ്ങനെ ഓസീസിനെ മുന്നോട്ടു നയിച്ച ഇവരുടെ സഖ്യം ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.. ഒടുവിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിക്ക് 9 റൺസ് അകലെ ഖ്വാജയെ വീഴ്ത്തി ജസ്പ്രീത് ബുമ്രയാണ് കൂട്ടുകെട്ടു പൊളിച്ചത്. അപ്പോഴേക്കും 29.4 ഓവറിൽ ഇരുവരും ചേർന്ന് ഓസീസ് സ്കോർബോർഡിൽ ചേർത്തത് 191 റൺസ് ആയിരുന്നു. ഏഴ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഖ്വാജയുടെ ഇന്നിങ്സ്. അധികം വൈകാതെ ഹാന്‍ഡ്സ്‌കോംപ് തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് ഹാന്‍ഡ്സ്‌കോംപ് സെഞ്ചുറി നേടിയത്. എന്നാല്‍ കുല്‍ദീപിനെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ മാക്സ് വെൽ (23) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. എന്നാല്‍ ഹാന്‍ഡ്‌സ്‌കോംപിനൊപ്പം ഒത്തുച്ചേര്‍ന്ന ടര്‍ണര്‍ അനായാസം ബാറ്റേന്തി. ഇരുവരും 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹാന്‍ഡ്‌സ്‌കോംപിന് അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹാന്‍ഡ്‌സ്‌കോംപ് പുറത്തായതോടെ ക്രീസിലെത്തിയത് അലക്‌സ് കാരി. വിക്കറ്റ് കീപ്പര്‍ക്കൊപ്പം 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടര്‍ണര്‍ ഓസീസിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ടര്‍ണര്‍ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ത്യൻ ബോളർമാരിൽ ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും 8.4 ഓവറിൽ 61 റൺസ് വഴങ്ങി. ചാഹൽ 10 ഓവറിൽ 80 റൺസും ഭുവനേശ്വർ കുമാർ ഒൻപത് ഓവറിൽ 67 റൺസും വഴങ്ങി. കേദാർ ജാവദ് അഞ്ച് ഓവറിൽ 44 റൺസാണ് ഓസീസിനു സമ്മാനിച്ചത്. വിക്കറ്റിനു പിന്നിൽ സ്റ്റംപിങ് അവസരങ്ങൾ പാഴാക്കിയ ഋഷഭ് പന്ത്, നിർണായക ഘട്ടത്തിൽ ക്യാച്ചുകൾ കൈവിട്ട് ഓസീസിനെ ‘സഹായിച്ച’ കേദാർ ജാദവ്, ശിഖർ ധവാൻ തുടങ്ങിയവരുടെ പിഴവുകൾ എന്നിവയായിരുന്നു അർഹിച്ച ഒരു വിജയം നേടാൻ ഇന്ത്യക്കു കഴിയാതിരുന്നതിനുള്ള കാരണങ്ങൾ.
മൊഹാലിയിൽ ഒരു ടീം പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോർ കൂടിയാണിത്. 2007ൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 322 റൺസ് പിന്തുടർന്ന് നേടിയ ജയമാണ് ഓസീസ് മറികടന്നത്. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ രണ്ടാമതു ബാറ്റു ചെയ്തു നേടുന്ന നേടുന്ന വലിയ ജയം, ഏകദിനത്തിൽ ഓസീസ് പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോർ, ഏകദിന ചരിത്രത്തിൽ ചേസ് ചെയ്തു നേടുന്ന ഉയർന്ന അഞ്ചാമത്തെ സ്കോർ, ഇന്ത്യയിൽ നടന്ന ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് പിറക്കുന്ന നാലാമത്തെ മൽസരം തുടങ്ങിയ റെക്കോർഡുകൾക്കും മൊഹാലി വേദിയായി.
ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് ഇന്ത്യയ്ക്കൊപ്പമെത്തി (2–2). ബുധനാഴ്ച ഡൽഹിയിൽ നടക്കുന്ന അഞ്ചാം ഏകദിനം ഫലത്തിൽ ‘ഫൈനലായി’ മാറി.