Mon. Dec 23rd, 2024
കൊച്ചി:

കാക്കനാട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് എതിര്‍വശമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെണ്ണല തെക്കേപാടത്ത് ജിബിന്‍ (34) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹം പാലച്ചുവട് ഭാഗത്ത് റോഡരുകില്‍ കണ്ടെത്തിയത്. ജിബിന്റെ സ്‌ക്കൂട്ടറും സമീപത്തുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഹന അപകടത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളും ജിബിന്റെ ദേഹത്തുണ്ടായിരുന്നില്ല.

ഇന്‍ക്വസ്റ്റിലാണ് ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് ജിബിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ മര്‍ദ്ദനത്തിലുണ്ടായ പരുക്കിനെ തുടര്‍ന്നാകാം ജിബിന്‍ മരിച്ചതെന്നാണ് നിഗമനം. ഇതിനു ശേഷം പാലച്ചുവട്ടില്‍ കൊണ്ടു വന്നിട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *